
തിരുവനന്തപുരം: അന്താരാഷ്ട്ര സമുദ്രവ്യാപാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ വിഴിഞ്ഞത്ത് പുതിയ ഔട്ടർ തുറമുഖം വികസിപ്പിക്കാൻ സർക്കാർ. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിന്റെ മാതൃകയിൽ കപ്പലുകൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മിഷൻ സമുദ്രയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലുള്ള പഴയ വിഴിഞ്ഞം തുറമുഖത്തെ സർവീസ് ഹാർബറായി വികസിപ്പിച്ചായിരിക്കും പുതിയ സംവിധാനങ്ങൾ ഒരുക്കുക. അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ചേർന്നുള്ള വിഴിഞ്ഞത്തിന്റെ സ്ഥാനം പദ്ധതിക്ക് വലിയ സാധ്യതയാണ് നൽകുന്നത്. ഇതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ആവശ്യമായ സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കാനും കഴിയും.
ബങ്കറിങ്, എൻജിനീയറിങ് സേവനങ്ങൾ, സ്പെയർ പാർട്സുകളുടെ വിതരണം, കപ്പൽ ജീവനക്കാരെ മാറ്റുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കുന്നത്. വലിയ ബോട്ടുകൾക്കും ചെറിയ കപ്പലുകൾക്കും അടുക്കാൻ കഴിയുന്ന രീതിയിൽ പഴയ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഇന്ധനവും മറ്റ് സേവനങ്ങളും നൽകുന്ന ഫുജൈറ ഓഫ്ഷോർ ആങ്കറേജ് സംവിധാനമാണ് പദ്ധതിക്ക് മാതൃക. നേരത്തെ നാവികസേനയുമായി സഹകരിച്ച് പുറംകടലിൽ ഔട്ടർ ഹാർബർ സ്ഥാപിക്കുന്നതിനുള്ള ആശയവും സർക്കാർ മുന്നോട്ടുവച്ചിരുന്നു. പുതിയ പദ്ധതിയിലും നാവികസേനയുടെ സഹകരണം തേടാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ നിലവിൽ സമാനമായ സമഗ്ര സേവനങ്ങൾ നൽകുന്ന തുറമുഖങ്ങളില്ലെന്നാണ് വിലയിരുത്തൽ. അധിക ഭൂമി ഏറ്റെടുക്കാതെ തന്നെ വൻകിട നിക്ഷേപം ആകർഷിക്കാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സാമ്പത്തിക, പാരിസ്ഥിതിക സാധ്യതകൾ പരിശോധിക്കാൻ കൺസൾട്ടൻസി ഏജൻസിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മിഷൻ സമുദ്രയുടെ ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെയും വികസനം ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ തുറമുഖങ്ങളെ കൂടുതൽ കാര്യക്ഷമമാക്കി സമുദ്രവ്യാപാരത്തിന്റെയും അനുബന്ധ സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.










