02:53pm 01 August 2026
NEWS
പുതിയ മുഖ്യമന്ത്രിക്ക് പുതിയ അപരൻ
01/08/2026  12:07 PM IST
News Desk
പുതിയ മുഖ്യമന്ത്രിക്ക്  പുതിയ അപരൻ

 

കേരളത്തിൽ പുതിയതായി ഏതൊരു മുഖ്യമന്ത്രി വരുമ്പോഴും ഒരു അപരനും വരുന്ന പതിവുണ്ട്.

എ. കെ. ആന്റണിക്കും വി. എസ്. അച്യുതാ നന്ദനും ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനുമെല്ലാം അപരന്മാർ വന്ന് മിമിക്രിയിലൂടെ തമാശകൾ അവതരിപ്പിക്കാറുണ്ട്.

ഇപ്പോൾ ഇതാ പുതിയ മുഖ്യമന്ത്രിയായ വി. ഡി. സതീശനും അപരനെത്തി.

മിമിക്രി കലാകാരനും നടനുമായ ജെ. പി. തിരുവാണിയൂർ എന്ന ജെബ്രോയ് പീറ്റർ ആണ് പുതിയ മുഖ്യമന്ത്രി യുടെ അപരൻ.

എറണാകുളം ജില്ലയിലെ തിരുവാണിയൂർ എന്ന ഗ്രാമത്തിലാണ് ജെബ്രോയ് പീറ്റർ, ജനിച്ചത്. ബാല്യകാലം മുതൽ തന്നെ കലകളോട്, പ്രത്യേകിച്ച് മിമിക്രിയോടും അഭിനയത്തോടും, അദ്ദേഹത്തിന് പ്രത്യേകമായ അഭിനിവേശമുണ്ടായിരുന്നു.കേരളത്തിലെ പ്രശസ്തമായ OEN കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം... ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾക്കിടയിലും ആ കലാസ്വപ്നം അദ്ദേഹം കൈവിടാതെ പിന്തുടർന്നു.

 

1995-ലാണ് അദ്ദേഹം പ്രൊഫഷണൽ മിമിക്രി വേദിയിലേക്ക് കടന്നുവരുന്നത്. ആ കാലഘട്ടത്തിൽ പ്രശസ്ത കലാകാരന്മാരായ പ്രവീൺ ഹരിശ്രീ, ആലപ്പുഴ ഗോപകുമാർ, കലാഭവൻ സന്തോഷ്, പ്രമോദ് പിറവം തുടങ്ങിയവരോടൊപ്പം നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടി. പിന്നീട് സ്വന്തമായി ഒരു മിമിക്രി ട്രൂപ്പ് രൂപീകരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

2016-ൽ, അന്തരിച്ച അനുഗ്രഹീത കലാകാരൻ സാഗർ ഷിയാസ് നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമായി അദ്ദേഹം മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനിൽ അംഗത്വം നേടി. ആ അംഗത്വം അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറി.2019ൽ ജോലിയിൽ നിന്നും സ്വയം വിരമിച്ചു മുഴുവൻ സമയ കലാകാരനായി...

2020-ൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ "നായാട്ട്" എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് " "ഇരട്ട", "പ്രിൻസ് & ഫാമിലി", "കല്യാണമരം", "ഒരു ദുരൂഹ സാഹചര്യത്തിൽ" തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചലച്ചിത്രരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചു.

അഭിനയത്തോടൊപ്പം ഡബ്ബിങ് രംഗത്തും അദ്ദേഹം സജീവമാണ്. FEFKA ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിൽ അംഗത്വം നേടിയ അദ്ദേഹം പിന്നീട് മിനി സ്ക്രീൻ ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷനിലും അംഗമായി. ശബ്ദാഭിനയത്തിലും അദ്ദേഹത്തിന്റെ വൈദഗ്ധ്യം ശ്രദ്ധിക്കപ്പെട്ടു.

ടെലിവിഷൻ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യമാണ് JP തിരുവാണിയൂർ. ഏഷ്യാനെറ്റിലെ "കോമഡി മാമാങ്കം" എന്ന പരിപാടിയിലൂടെ അദ്ദേഹം ഇപ്പോഴത്തെ  കേരള മുഖ്യമന്ത്രി ബഹു :വി. ഡി. സതീശൻ എന്ന രാഷ്ട്രീയനേതാവിന്റെ രൂപവും ശൈലിയും അനുകരിച്ച് പ്രേക്ഷകശ്രദ്ധ നേടി. ആ അവതരണം വലിയ സ്വീകാര്യത നേടിയതോടെ പിന്നീട് കേരളത്തിലെ വിവിധ ടെലിവിഷൻ ചാനലുകളിലെ ഹാസ്യപരിപാടികളിലും സ്റ്റേജ് ഷോകളിലും അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചുവരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന കലാജീവിതത്തിൽ മിമിക്രി, അഭിനയം, ഡബ്ബിങ് എന്നീ മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് JP തിരുവാണിയൂർ (ജെബ്രോയ് പീറ്റർ). ആത്മാർത്ഥമായ പരിശ്രമവും കലാപ്രേമവും കൊണ്ട് വേദിയിലും സിനിമയിലും ടെലിവിഷനിലും തന്റേതായ ഇടം നേടിയ അദ്ദേഹം, പുതുതലമുറ കലാകാരന്മാർക്കും പ്രചോദനമായി തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img