
ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് പുതിയ ബീച്ച് ലക്ഷ്യസ്ഥാനമായ 'നാമി' (Nami Beach) തുറന്നു. 'ലോഫ്റ്റ് എ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്' കമ്പനിയുമായി സഹകരിച്ചാണ് ഖത്തർ ടൂറിസം ഈ അത്യാധുനിക സമുദ്രാനുഭവ കേന്ദ്രം വികസിപ്പിച്ചെടുത്തത്.
വ്യാഴാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഖത്തർ ടൂറിസം ഈ വിവരം പുറത്തുവിട്ടത്.കടലോര സൗന്ദര്യവും ഉന്നതനിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങളും സമന്വയിപ്പിച്ചാണ് ബീച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.സ്ത്രീകൾക്കായി മാത്രം സവിശേഷവും സ്വകാര്യതയുള്ളതുമായ പ്രത്യേക ഏരിയയും ഈ പ്രോജക്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.വൈവിധ്യമാർന്നതും ഗുണമേന്മയുള്ളതുമായ വിനോദാനുഭവങ്ങൾ നൽകിക്കൊണ്ട് ഖത്തറിനെ ലോകത്തെ മുൻനിര ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുക എന്നതാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്ന നാമി ബീച്ച്, ദോഹയിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും മികച്ചൊരു വിനോദാനുഭവമായിരിക്കും സമ്മാനിക്കുക.










