
ദോഹ: ലോകകായിക ഭൂപടത്തിൽ വേഗത്തിന്റെ വിസ്മയങ്ങൾ തീർക്കുന്ന ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (LIC), 2026-ലെ ഖത്തർ ഗ്രാൻഡ് പ്രീക്കായുള്ള 'ഫോർമുല 1 ഷോ കാർ' പുറത്തിറക്കി. ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രീയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഡിസൈനിലും സവിശേഷതകളിലുമാണ് കാർ അവതരിപ്പിച്ചിരിക്കുന്നത്.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സാങ്കേതിക നിയമങ്ങൾക്കനുസൃതമായാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുമ്പത്തെ കാറുകളേക്കാൾ നീളം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് ഈ പുതിയ മോഡൽ.ഡ്രൈവർമാർക്ക് ഓട്ടത്തിനിടയിൽ കാറിന്റെ സെറ്റപ്പിൽ മാറ്റം വരുത്താൻ സാധിക്കുന്ന 'ആക്റ്റീവ് എയറോഡൈനാമിക്സ്' സംവിധാനം ഇതിന്റെ പ്രത്യേകതയാണ്. ഇത് ട്രാക്കിൽ മറികടക്കലുകൾ (Overtaking) കൂടുതൽ എളുപ്പമാക്കും.കൂടുതൽ കരുത്തുറ്റതും സുസ്ഥിരവുമായ സാങ്കേതികവിദ്യയാണ് 2026 മുതൽ ഫോർമുല 1 ചാമ്പ്യൻഷിപ്പിൽ നടപ്പിലാക്കാൻ പോകുന്നത്.
ലുസൈൽ സർക്യൂട്ടിൽ ഖത്തർ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവും ഭാവിയിലേക്കുള്ള കായിക കുതിപ്പും വിളിച്ചോതുന്നതാണ് പുതിയ കാറിന്റെ ലിവറി (Livery).
പുതിയ കാർ പുറത്തിറക്കുന്നതിനൊപ്പം 2026-ലെ മത്സരങ്ങൾക്കായുള്ള 'ഏർലി ബേർഡ്' ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.











