
ദോഹ: ഖത്തറിന്റെ പ്രഥമ സാംസ്കാരിക ദൗത്യമായ ‘ഇയർസ് ഓഫ് കൾച്ചർ’ പദ്ധതിയുടെ ഭാഗമായി 2026-ലെ പങ്കാളി രാജ്യങ്ങളായി കാനഡയും മെക്സിക്കോയും പ്രഖ്യാപിച്ചു. ഖത്തർ–അർജന്റീന–ചിലി 2025 ഇയർ ഓഫ് കൾച്ചർ പരിപാടികളുടെ സമാപന ചടങ്ങിനിടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
2026-ലെ ഇയർ ഓഫ് കൾച്ചറിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കാനഡയും മെക്സിക്കോയും സഹ ആതിഥേയരാകുന്ന ഫിഫ ലോകകപ്പ് 2026 തന്നെയാണ് ‘ഇയർസ് ഓഫ് കൾച്ചർ’ പദ്ധതിക്ക് പ്രചോദനമായത് എന്നതുകൊണ്ടാണ് ഈ സഹകരണം ഏറെ ശ്രദ്ധേയമാകുന്നത്. ഫുട്ബോളിലൂടെ സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ഐക്യത്തിന്റെ ആത്മാവാണ് ഈ കൂട്ടുകെട്ടിലൂടെ ഉയർത്തിക്കാട്ടുന്നത്.
ഖത്തർ–യുഎസ്എ ഇയർ ഓഫ് കൾച്ചർ 2021-ന്റെ പാരമ്പര്യ പദ്ധതികളുടെ ഭാഗമായി കൂടുതൽ സാംസ്കാരിക പരിപാടികളും 2026-ൽ അവതരിപ്പിക്കും. 2012-ൽ ആരംഭിച്ച ‘ഇയർസ് ഓഫ് കൾച്ചർ’ പദ്ധതി ഖത്തറും പങ്കാളി രാജ്യങ്ങളും തമ്മിൽ സാംസ്കാരിക, വിദ്യാഭ്യാസ, വ്യാപാര, സൃഷ്ടിപരമായ സഹകരണങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
പ്രദർശനങ്ങൾ, കലോത്സവങ്ങൾ, അക്കാദമിക് എക്സ്ചേഞ്ചുകൾ, റെസിഡൻസി പ്രോഗ്രാമുകൾ, വ്യാപാരമേളകൾ, പൊതുഇവന്റുകൾ തുടങ്ങിയവയാണ് ഓരോ ഇയർ ഓഫ് കൾച്ചറിന്റെയും ഭാഗമായി സംഘടിപ്പിക്കുന്നത്. പല പദ്ധതികളും ഔദ്യോഗിക വർഷത്തിനു മുൻപേ ആരംഭിച്ച് പിന്നീട് ദീർഘകാല ബന്ധങ്ങളായി വികസിക്കുന്നതും ഈ പദ്ധതിയുടെ സവിശേഷതയാണ്.
ജപ്പാൻ (2012) മുതൽ അർജന്റീന–ചിലി (2025) വരെ നിരവധി രാജ്യങ്ങളുമായി ഖത്തർ ഈ സാംസ്കാരിക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 2026-ൽ കാനഡയും മെക്സിക്കോയും ചേർന്ന് ഈ ആഗോള സാംസ്കാരിക യാത്രക്ക് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷ.











