ചോദ്യങ്ങൾക്കെപ്പോഴും ഉത്തരമുണ്ട്. ഓസ്‌ട്രേലിയയിൽ മലയാളികൾ പങ്കെടുത്ത ഒരു വിരുന്നുസൽക്കാരത്തിനിടയിൽ ചിലരിൽ നിന്നും ഒരു ചോദ്യം ഉയർന്നുവന്നിരുന്നു.
ആ ചോദ്യത്തിന് ഉത്തരമായി വന്നത് ഒരു മലയാളം സിനിമയാണ്. ഒരു പുതിയ മലയാളം സിനിമ അങ്ങനെ സംഭവിക്കുകയായിരുന്നു.
ബാല്യകാലം മുതലേ പാട്ടിലും സംഗീതത്തിലും നിറഞ്ഞുനിന്ന ലിസി ഫെർണാണ്ടസ് ആ ഉത്തരം നൽകിയ കഥയും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
ലിസിയുടെ വീട് പാലായാണ്. ലിസിയുടെ അമ്മ വീട്ടുകാർ മിക്കവരും പാട്ടുകാരായിരുന്നു. ഗാനങ്ങൾ രചിക്കുന്നതും പാട്ടുപാടുന്നവരും സംഗീതം ചെയ്യുന്നവരുമെല്ലാം അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വാസന ലിസിയിലുമുണ്ടായി. ചെറുപ്പത്തിൽ തന്നെ, അതായത് പത്തുവയസ്സുള്ളപ്പോൾ മുതൽ പാലായിലെ നീലൂരിലുള്ള ഞങ്ങളുടെ പള്ളിയിൽ പാട്ടുകുർബാനയിൽ പങ്കെടുത്തിരുന്നു. അന്ന് ഹാർമോണിയം വച്ച് പാടാൻ തുടങ്ങിയിരുന്നു. പള്ളിയിലെ അച്ചന്മാരും സിസ്റ്റേഴ്‌സും ഒക്കെക്കൂടിയാണ് ഞങ്ങളെ പാട്ടുപഠിപ്പിച്ചിരുന്നത്. അങ്ങനെ ഞാൻ പള്ളിയിൽ ക്വയർ സംഘത്തിലെ അംഗമായി. എനിക്ക് പതിനെട്ടാമത്തെ വയസ്സിൽ കല്യാണം നടന്നിരുന്നു. എന്റെ കല്യാണത്തിന്റെ തലേദിവസം വരെയും ഞാൻ ഈ ക്വയർ സംഘത്തിൽ പാട്ട് പാടുന്നുണ്ടായിരുന്നു. എന്റെ കോളേജ് പഠനം പൂർത്തിയാക്കിയതും കല്യാണത്തിനുശേഷമായിരുന്നു. ഡിഗ്രി പഠനകാലത്ത് ഹാർമോണിയം വിട്ട് ഓർഗൻ വായിക്കാൻ തുടങ്ങി. അന്ന് പല പ്രോഗ്രാമുകൾക്കുവേണ്ടിയും ഓർഗൻ വായിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് സംഗീതരംഗത്തേയ്ക്കുള്ള എന്റെ പ്രവേശനം തുടങ്ങിയത്. പിന്നീട് പാലായിലെ ചില ക്ലബ്ബുകൾ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഉപന്യാസ മത്സരം, പ്രസംഗം, ഹാർമോണിയം, ശാസ്ത്രീയനൃത്തം... ഇങ്ങനെ ഏതെല്ലാം മത്സരങ്ങളിൽ പങ്കെടുക്കാമോ, അതിനെല്ലാം പോകുമായിരുന്നു. എന്തെങ്കിലുമൊക്കെ സമ്മാനവും കിട്ടുമ്പോൾ അത് വലിയ സന്തോഷവും സംതൃപ്തിയുമായി.
പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ടോ?
'ഏഴുമുട്ടം താബോർ എന്ന ധ്യാനകേന്ദ്രത്തിൽ ഞാൻ കുറച്ചുനാൾ ശുശ്രൂഷ ചെയ്തിരുന്നു. അവിടെ ഞാൻ വചനവും ക്ലാസും എടുത്തിരുന്നു. ബേബിജോൺ കലയന്താനി തുടങ്ങി ഞങ്ങളൊരു ടീം അവിടെയുണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് പാട്ടും പാട്ട് കുർബ്ബാനയുമൊക്കെയായി നടക്കുമായിരുന്നു. ഇന്ന് അവരെല്ലാം സംഗീതലോകത്ത് വളരെ പ്രഗത്ഭരായ വ്യക്തികളായി മാറിയിട്ടുണ്ട്. ഇസ്രായേൽ നാഥൻ... എന്നുതുടങ്ങുന്ന ഹിറ്റ് പാട്ട് ഉൾപ്പടെ ആറായിരത്തോളം ഭക്തിഗാനം എഴുതിയ ആളാണ് ബേബിജോൺ കലയന്താനി.
ഇങ്ങനെ സംഗീതരംഗത്ത് തുടർന്നുവന്നപ്പോഴാണ് സ്വന്തമായി ഒരു സംഗീത ആൽബം പുറത്തിറക്കുന്ന കാര്യം ആലോചിച്ചത്. 'നന്ദിയായ്...' എന്ന പേരിൽ ഒരു ആൽബം സി.ഡിയിൽ ആദ്യമായി പുറത്തിറക്കി. പിന്നീട് ഞങ്ങളുടെ നാല് തലമുറകളെ ചേർത്തൊരു ആൽബം ചെയ്തു. തുടർന്ന് പതിനേഴ് ആൽബങ്ങൾ പുറത്തിറക്കിയിരുന്നു. മൊത്തത്തിൽ എല്ലാം കൂടി ആയിരത്തിലധികം പാട്ടുകൾ ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
'അത്യുന്നതന്റെ മറവിൽ... സർവ്വശക്തന്റെ തണലിൽ പാർക്കുന്നവർ ഭാഗ്യവാൻ...' എന്നുതന്നെ തുടങ്ങുന്ന പാട്ട് എന്റെ മകനാണ് പാടിയത്. ഇത് വലിയ ഹിറ്റായിരുന്നു. ബേബിജോണും ഞാനും കൂടിയാണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്. ഫ്രാൻസിസ് എന്നയാളുടെ ടീമീന്റേതായിരുന്നു ഓർക്കസ്ട്ര. ഗീതം മീഡിയായിലെ സൗണ്ട് എഞ്ചിനീയറായ ജിന്റോജോണിന്റെ കഴിവും ഈ പാട്ടിന്റെ പിന്നിലുണ്ടായിരുന്നു.
സ്വർഗ്ഗം എന്ന സിനിമ ഇപ്പോൾ നിർമ്മിച്ചുവല്ലോ. എങ്ങനെയാണ് സിനിമാനിർമ്മാണരംഗത്തേക്ക് വന്നത്?
പ്രോഗ്രാമുമായി ബന്ധപ്പെട്ട് പുറംരാജ്യങ്ങളിൽ മിക്കപ്പോഴും യാത്രകളുണ്ട്. അടുത്തകാലത്ത് ഞങ്ങളുടെ കത്തോലിക്കസഭ, അതായത് സീറോ മലബാർ സഭ ഏൽപ്പിച്ച ഒരു പ്രോഗ്രാമുമായി ഞാൻ ഓസ്‌ട്രേലിയയിൽ പോയിരുന്നു. ഗായകൻ ബിജു നാരായണൻ ഉൾപ്പെടെയുള്ളവരെയും കൊണ്ട് അവിടെയെത്തുകയും കലാരംഗത്തെ കുട്ടികളുടെ ആഗ്രഹവും കലാകാരന്മാരോടുള്ള സ്‌നേഹവും ഒക്കെ കണ്ടപ്പോൾ അതൊരു പുതിയ അനുഭവമായി മാറിയിരുന്നു. അവിടെ അന്ന് നടന്ന വിരുന്നുസൽക്കാരത്തിനിടയിൽ ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ചോദ്യമുയർന്നു വന്നത്. കലാരംഗത്ത് ഞങ്ങളുടേതായ സംഭാവനകൾ എന്തെങ്കിലും ചെയ്യുവാനുള്ള അവസരം ലഭിക്കുമോ? കലാകാരന്മാരെ സ്‌നേഹിക്കുന്ന അവരുടെ ആഗ്രഹം പുറത്ത് പ്രകടിപ്പിക്കാനുള്ള അവസരം അവർക്കില്ലായിരുന്നു. കലാരംഗത്ത് പ്രവർത്തിക്കുന്ന മിക്കവരുടെയും ലക്ഷ്യം ഒരു സിനിമ ആയിരിക്കുമല്ലോ. അങ്ങനെയാണ് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന ചിന്തയിലേക്ക് വന്നത്.
ലിസി ഫെർണാണ്ടസ് ഒന്ന് നിർത്തിയിട്ട് തുടർന്നു.
ഞാൻ കഴിഞ്ഞ പത്തുപതിനെട്ടുവർഷമായി ദുബായിലാണ് കുടുംബസമേതം താമസിക്കുന്നത്. അവിടെ ഞങ്ങൾക്ക് 'സീ ന്യൂസ് ലൈവ്' എന്നൊരു ചാനലുണ്ട്. അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചാനലാണിത്. അങ്ങനെ ദുബായിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളും ഓസ്‌ട്രേലിയയിലുള്ള സുഹൃത്തുക്കളും ചേർന്ന് പതിനാല് പേരുടെ കൂട്ടായ്മയിലാണ് 'സ്വർഗ്ഗം' എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. എന്റെ മനസ്സിൽ ഒരു കഥയുടെ സാരാംശങ്ങളുണ്ടായിരുന്നു. അത് സംവിധായകൻ റെജീസ് ആന്റണിയോട് പറഞ്ഞു. അദ്ദേഹം അതിന് തിരക്കഥയെഴുതി. അങ്ങനെയാണ് ഈ പ്രോജക്ട് ഉണ്ടാകുന്നത്.
ഒരു കുടുംബത്തിലെ കഥാപാത്രങ്ങളെ ജോണി ആന്റണിയും മഞ്ജുപിള്ളയും അവതരിപ്പിക്കുന്നു. മറ്റൊന്ന്, അജുവർഗ്ഗീസും അനന്യയുമാണ് ചെയ്യുന്നത്. ചിത്രത്തിൽ വിജയ് യേശുദാസ്, ചിത്ര, ഹരിഹരൻ, സുദീപ്കുമാർ... തുടങ്ങിയവരൊക്കെ പാടിയിരിക്കുന്നു. നാലുപാട്ടും നാലുപേരാണ് എഴുതിയിരിക്കുന്നത്. സന്തോഷ് വർമ്മ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഹരിനാരായണൻ, ബേബിജോൺ കലയന്താനി എന്നിവർ എഴുതിയിരിക്കുന്നു. ചിത്രത്തിൽ ഒരു ചെറിയ റോളിൽ മുഖം കാണിച്ചിട്ടുമുണ്ട്. ഓരോ ദിവസങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ റിസ്‌ക്ക് തന്നെയായിരുന്നു. എന്തായാലും ഷൂട്ടിംഗ് ഭംഗിയായി കഴിഞ്ഞു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. ലിസി ഫെർണാണ്ടസ് പറയുകയുണ്ടായി.