
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് മലയാളിയായ ഗൗതം വാസുദേവ് മേനോൻ. 2001-ൽ റിലീസായ 'മിന്നലേ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി പ്രവേശിച്ച ഗൗതം വാസുദേവ് മേനോൻ ചലച്ചിത്രരംഗത്ത് ഇപ്പോൾ 25 വർഷം പൂർത്തിയാക്കി. സിനിമയിൽ സംവിധായകനായി, നിർമ്മാതാവായി, നടനായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഗൗതം വാസുദേവ് മേനോനെ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ആദരിക്കാനിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും, സഹപ്രവർത്തകരും ചേർന്ന്! അടുത്ത മാസം (ഒക്ടോബർ) 10-ന് മലേഷ്യയുടെ തലസ്ഥാന നഗരമായ കോലാലംപൂരിലാണ് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് 'ഒൻറാ ഇരണ്ടാ' എന്ന പേരിൽ ഒരു സംഗീതോത്സവ പരിപാടിയായി അരങ്ങേറാനിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ്റെ സിനിമാ ജീവിത യാത്രയിൽ നടന്ന അവിസ്മരണീയമായ സംഭവങ്ങളെ വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നതാണ് പരിപാടിയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നുണ്ട്. ഇതിൽ ഗൗതം വാസുദേവ് മേനോൻ്റെ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രശസ്ത ഗായകരായ കാർത്തിക്, ശ്രുതി ഹാസൻ, കൃഷ്, ചൈന്ദവി, സത്യ പ്രകാശ്, ഹരിപ്രിയ തുടങ്ങി ഒരുപാട് പേർ പങ്കെടുക്കുമത്രേ! അതോടൊപ്പം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിച്ച താരങ്ങളും പങ്കെടുക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. 'മൈ ഇവൻ്റ്സ് ഇൻ്റർനാഷണലിൻ്റെ സഹകരണത്തോടെ പ്രശസ്ത നടിയായ രാധികയുടെ കമ്പനിയായ രാഡാനാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Photo Courtesy - Google










