05:45pm 29 April 2026
NEWS
തുച്ഛശമ്പളം പക്ഷെ സമ്പാദിച്ചത് 24 വീടുകൾ ഉൾപ്പെടെ 40 കോടിയുടെ സ്വത്തുവകകൾ
04/08/2025  12:35 PM IST
വിഷ്ണുമംഗലം കുമാർ
തുച്ഛശമ്പളം പക്ഷെ സമ്പാദിച്ചത് 24 വീടുകൾ ഉൾപ്പെടെ 40 കോടിയുടെ സ്വത്തുവകകൾ

ബംഗളുരു: ഗവണ്മെന്റ് കരാറുകൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് കരാറുകാർ തന്നെ ആരോപിക്കുന്ന കർണാടത്തിൽ അഴിമതിയും കൈക്കൂലിയും രൂഡമൂലമാണ്.  ഗവണ്മെന്റ് ഓഫിസുകളിൽ കൈക്കൂലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അവസ്ഥയാണ്. കൈക്കൂലി കൊടുക്കാതെ ഒരു ചെറിയ കാര്യം പോലും നടത്തിയെടുക്കാനാവില്ല. ഓരോ ജോലിയ്ക്കും ഇത്ര തുക കൈക്കൂലിയെന്ന് നിശ്ചയിച്ചിട്ടുണ്ട്. മുമ്പൊക്കെ ചെറിയ തുകയായിരുന്നെങ്കിൽ ഇപ്പോൾ പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മിക്ക ഓഫിസുകളിലും പ്യുൺ തസ്തികയിലുള്ള കീഴ് ജീവനക്കാരനാണ് കൈക്കൂലിത്തുക കൈപ്പറ്റുക. സി സി ക്യാമറകളും ലോകായുക്തയുടെ കഴുകൻ കണ്ണുകളും ഉള്ളതിനാൽ പലപ്പോഴും ഓഫിസിന് പുറത്താണ് പണമിടപാട് നടക്കുന്നത്. ദിവസവും വൈകീട്ട് പ്യുൺ ഓരോരുത്തർക്കും അന്നത്തെ പിരിവ് വീതിച്ചുനൽകും. ഓരോ ജോലിയ്ക്കും ഇത്ര തുക എന്നതുപോലെ ഓരോ തസ്തികയിലുള്ളവർക്കും വിഹിതമെത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ചിരിക്കും. വർഷങ്ങളായി തുടർന്നുപോരുന്ന പ്രക്രിയയാണിത്. ഏത് ഗവണ്മെന്റ് വന്നാലും ഈ അവസ്ഥ മാറുന്നില്ല. കാരണം സിസ്റ്റം അങ്ങനെയായിപോയിരിക്കുന്നു. ഇത് സാധാരണ സർക്കാർ ഓഫീസുകളിലെ കാര്യമാണെങ്കിൽ അഴിമതിക്കും കൈക്കൂലിയ്ക്കും മറ്റു തലങ്ങളും രീതികളുമുണ്ട്. പുതിയകാലത്ത് ചില മന്ത്രിമാരും വകുപ്പ് തലവന്മാരും നേരിട്ടാണ് അഴിമതി നടത്തുന്നതും കൈക്കൂലി വാങ്ങുന്നതെന്നും പൊതുവിൽ ആരോപിക്കപ്പെടുന്നുണ്ട്. ലോകായുക്ത റെയ്‌ഡിൽ പുറത്തുവരുന്ന വസ്തുതകൾ അത് ശരിവെക്കുകയും ചെയ്യുന്നു. പ്രൊജക്ടുകൾ വലുതാകുമ്പോൾ കൈക്കൂലിയും വർധിക്കുന്നു. അത് ലക്ഷങ്ങൾ കടന്ന് കോടികളെ പുൽകുന്ന നാറുന്ന കഥകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ലോകായുക്തയിലെ അഴിമതി വിരുദ്ധവിഭാഗം നടത്തുന്ന റെയ്ഡുകളിൽ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടാറുണ്ട്. ബന്ധപ്പെട്ടവർ അകത്താവുകയും ചെയ്യും. എന്നിട്ടും അഴിമതിയും കൈക്കൂലിയും നിർബാധം തുടരുന്നു എന്നതാണ് നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നം. ഇക്കഴിഞ്ഞ ദിവസം ഒരു സാധാരണ ക്ലാർക്കിന്റെ വസതി റെയ്ഡ് ചെയ്ത ലോകായുക്ത ഉദ്യോഗസ്ഥർ മൂക്കത്ത് വിരൽ വെച്ചുപോയി. കർണാടക റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്പ്മെന്റ് ലിമിറ്റഡിൽ(KRIDL)  താത്കാലിക ക്‌ളാർക്കായി ജോലിചെയ്തിരുന്ന കളകപ്പ നിഡഗുണ്ടി എന്നയാളുടെ കൊപ്പലിലെ വസതിയാണ് റെയ്ഡ് ചെയ്തത്. 15000 രൂപ ശമ്പളത്തിൽ കുറച്ചുകാലമേ അയാൾ   ക്രീഡിൽ-ൽ  ജോലി ചെയ്തിട്ടുള്ളൂ. ആരോപണങ്ങളെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ ആ കാലയളവിൽ അയാൾ 40 കോടി വിലമതിപ്പുള്ള അനധികൃത സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെന്നാണ്  റെയ്ഡിൽ കണ്ടെത്തിയത്. 24 വീടുകൾ, നാല് പ്ലോട്ടുകൾ, 40 ഏക്ര കൃഷിഭൂമി, 350 ഗ്രാം സ്വർണ്ണം, ഒന്നര കിലോ വെള്ളി എന്നിവ അതിൽ ഉൾപ്പെടും. ഇയാളും ഒരു എഞ്ചിനീയറും ചേർന്ന് ഇല്ലാത്ത പ്രോജക്റ്റുകൾക്ക് കള്ളബില്ലുകളുണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 72 കോടി തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വത്തുക്കൾ കണ്ടുകെട്ടുകയും കലകപ്പയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂട്ടാളിയായ എഞ്ചിനീയർ അന്വേഷണം നേരിടുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img