08:48am 06 May 2026
NEWS
സാമൂഹ്യ ധ്രുവീകരണത്തിനെതിരായ ജനവിധി - സി ഐ സി ഖത്തർ
05/05/2026  01:19 PM IST
nila
സാമൂഹ്യ ധ്രുവീകരണത്തിനെതിരായ ജനവിധി - സി ഐ സി ഖത്തർ

 

 

ദോഹ:സാമൂഹ്യ ധ്രുവീകരണം നടത്തി അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി( സി ഐ സി ) ഖത്തർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക ഐക്യവും സൗഹാർദവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ് കേരള നിയമസഭ തെരെഞ്ഞടുപ്പ് ഫലം. സമൂഹത്തെ ജാതി - മത അടിസ്ഥാനത്തിൽ വിഭജിച്ച് അധികാര തുടർച്ച ഉറപ്പാക്കാനുള്ള കുടില തന്ത്രത്തെയാണ് കേരള ജനത തള്ളിക്കളഞ്ഞിരിക്കുന്നത് .

സമുദായങ്ങളെയും സാമുദായിക സംഘടനകളെയും അന്യവൽക്കരിച്ചും വർഗീയ വാദികളാക്കിയും ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ വിഭജന ശ്രമങ്ങൾ കേരളത്തിൻറെ മതേതര സൗന്ദര്യത്തിനേല്പിച്ച പരിക്ക് ചെറുതല്ല. സാമുദായിക സൗഹൃദത്തെ തകർക്കുന്ന പ്രസ്താവനകളും പ്രവർത്തികളും ഉണ്ടായപ്പോൾ കുറ്റകരമായ മൗനമായിരുന്നു ഭരണം കൈകാര്യം ചെയ്യുന്നവർ പാലിച്ചിരുന്നത്. കേരള നിയമ സഭയിൽ ഫാഷിസ്റ്റ് പാർട്ടിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനായതിന് ആ മൗനങ്ങൾക്കും വലിയ പങ്കുണ്ട്.

മികച്ച വിജയം നേടിയ UDF നേതൃത്വത്തെയും നിയുക്ത സർക്കാരിനും ആശംസകൾ നേരുന്നു . ജനങ്ങൾ ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവോടെ പ്രകടനപത്രികയിലെ ഓരോ വാഗ്ദാനവും പരമാവധി നടപ്പിലാക്കാൻ ശ്രദ്ധിച്ചും കേരളീയ സാമൂഹികതയെ ഐക്യത്തോടെ ചേർത്തുനിർത്തിയും മുന്നോട്ട് പോകാൻ പുതിയ ഭരണകൂടത്തിനും അതിലെ പാർട്ടികൾക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.

ഇടതുപക്ഷ മുന്നണി, പ്രത്യേകിച്ച് സി.പി.എം നേതൃത്വം, ഈ ജനവിധിയെ ആത്മപരിശോധനക്കുള്ള അവസരമായി കാണുകയും ജനങ്ങൾ നൽകിയ സന്ദേശം ഗൗരവത്തോടെ ഉൾക്കൊണ്ട്, തിരുത്തലിന്റെയും നവീകരണത്തിന്റെയും വഴി സ്വീകരിക്കുകയും ചെയ്യണം. ശരിയായ ഇടതു പക്ഷം കൂടിയുള്ള കേരളമാണ് ഫാസിസത്തെ ചെറുത്ത് തോല്പിക്കുന്നതിനും സാമൂഹിക ഐക്യത്തിന്റെയും സഹവർത്തിത്തത്തിന്റെയും കേരള മോഡലിനെ ശക്തിയിൽ നിലനിർത്തുന്നതിനും സഹായകമാകുക എന്ന് സിഐസി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img