
ലണ്ടൻ: യുകെയിലെ ഇൽഫോഡിൽ മലയാളി യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായത് മൂന്നു വയസുള്ള പെൺകുഞ്ഞിന്റെ ജീവൻ. മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ മലപ്പുറം സ്വദേശി മുഹമ്മദ് ജസീലും ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ഇൽഫോഡിലെ തിരക്കേറിയ ഹൈറോഡിലെ ഒരു കെട്ടിടത്തിലാണ് സംഭവം. ജനൽപ്പടിയിൽ പിടിച്ചുനിൽക്കുന്ന കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം അതീവ സങ്കീർണമായിരുന്നു.
അതിനിടെയാണ് സമീപത്തെ താമസസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ജസീൽ ബഹളം കേട്ട് പുറത്തേക്ക് എത്തിയത്. അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളിയായി. താഴെ സുരക്ഷിത സ്ഥാനത്ത് നിന്ന് പൊലീസിനൊപ്പം കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടർന്നു.
നിമിഷങ്ങൾക്കകം കുട്ടിയുടെ പിടി ദുർബലമായി. ഒടുവിൽ കൈവിട്ടു താഴേക്ക് പതിച്ച കുഞ്ഞിനെ മുഹമ്മദ് ജസീലും പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് സുരക്ഷിതമായി താങ്ങിയെടുത്തു. വലിയ ദുരന്തം ഒഴിവായതോടെ സ്ഥലത്തുണ്ടായിരുന്നവർ ആശ്വാസനിശ്വാസം വിട്ടു. രക്ഷാപ്രവർത്തനം വിജയിച്ചതിന് പിന്നാലെ കൈയടികളോടെയാണ് ജനക്കൂട്ടം ഇരുവരെയും അഭിനന്ദിച്ചത്.
മെട്രോപൊളിറ്റൻ പൊലീസിന്റെ കണക്കുപ്രകാരം വൈകിട്ട് 3.23-നാണ് വിവരം ലഭിച്ചത്. 3.32-ഓടെ കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. ഒമ്പത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ രക്ഷാദൗത്യം ഒരു കുടുംബത്തെയും നഗരത്തെയും വലിയ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തി.
മലപ്പുറം ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീൽ 2019-ൽ പഠനാവശ്യത്തിനായി യുകെയിലെത്തിയതാണ്. നിലവിൽ ഈസ്റ്റ് ഹാമിൽ ജോലി ചെയ്യുന്ന ജസീൽ നടത്തിയ ധീരമായ ഇടപെടലിന് മലയാളി സമൂഹത്തിലും പ്രവാസി സംഘടനകളിലും നിന്ന് അഭിനന്ദനങ്ങൾ ഒഴുകുകയാണ്.











