02:52am 28 May 2026
NEWS
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍.
27/05/2026  11:13 AM IST
ചെറുകര സണ്ണിലൂക്കോസ്
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍.

 

ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് അതീവ ഗുരുതരമായ ഈ മോഷണവിവരങ്ങള്‍ പുറത്തുവന്നത്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമം' ദുരൂഹ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ നിന്നും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി എന്നാണ് ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളില്‍ ഉള്ളതെങ്കിലും ഇത് ഇതുവരെ ക്ഷേത്രത്തില്‍ തിരികെ എത്തിച്ചിട്ടില്ല. ഇതിന് പുറമെ ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണ ഉരുപ്പടികളില്‍ നിന്നും വലിയ തോതില്‍ സ്വർണ്ണം മോഷണം പോയതായും പൊലീസ് കണ്ടെത്തി. ഈ ഉരുപ്പടികള്‍ ഉരുക്കി പരിശോധിച്ചപ്പോള്‍ 78 ഗ്രാമോളം സ്വർണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ പ്രധാന സ്വർണ്ണവിളക്കും ഇതേ രീതിയില്‍ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്. ആറുമാസം കഴിഞ്ഞിട്ടും ഈ സ്വർണ്ണവിളക്ക് തിരികെ കൊണ്ടുവന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന അതീവ ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണ്ണമായും നോക്കുകുത്തിയാക്കി നടക്കുന്ന ഈ തുടർച്ചയായ മോഷണങ്ങള്‍ അതീവ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമുകളിലേക്ക് മാറ്റണമെന്നും, ഭക്തർ നല്‍കുന്ന വഴിപാടുകള്‍ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പൊലീസ് കാവല്‍ ഏർപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

വിഐപികള്‍ ഉള്‍പ്പെടെ ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധനകള്‍ കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും സുരക്ഷാ ഓഡിറ്റിങ് കർശനമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തില്‍ തുടർച്ചയായി ഉണ്ടാകുന്ന ഈ മോഷണങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും കർശന നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img