
മാധ്യമങ്ങളും വിനോദങ്ങളും സമൃദ്ധമായ ഒരു ലോകത്ത്, എല്ലാദിവസവും ഒരു പുതിയ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ഒരു പുതിയ ഷോ ജനിക്കുന്ന ഈ സമയത്ത് ഒരു അവതാരക എന്ന നിലയിൽ പ്രേക്ഷകമനസ്സ് കീഴടക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്. മൈൽസ്റ്റോൺ മൈക്കേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെയാണ് മെഹർ പൊതുജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.
താരങ്ങളെ കംഫർട്ടബിൾ ആക്കുക, അവരുടെ സ്വകാര്യതയെ മാനിക്കുക, അതേസമയം തന്നെ പ്രേക്ഷകർക്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ ചോദിച്ചറിയുക എന്നത് ഉത്തരവാദിത്തമുള്ളൊരു ജോലിയാണ്. ആ നിലയിൽ മെഹറിന്റെ അഭിമുഖങ്ങൾക്ക് എന്നും ആരാധകരുണ്ട്.
ഷൈൻ ടോം ചാക്കോ, സൂപ്പർ വാവ, മഞ്ഞുരുകും കാലം ഫെയിം ജാനിക്കുട്ടി, ഉടൻ പണം ഫെയിം കൃപ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ഇന്റർവ്യൂകളിലൂടെ തിളങ്ങുന്ന മെഹറിന് ചില സാഹചര്യങ്ങളിൽ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോവേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
വാക്ചാതുര്യവും അറിവും മറ്റുള്ളവരിൽ നിന്നും വ്യത്യാസമായ അവതരണശൈലികളും പ്രേക്ഷകഹൃദയങ്ങളിൽ ഒരു പ്രത്യേക ഇടം സൃഷ്ടിക്കാൻ മെഹറിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റഗ്രാമിൽ 1 ലക്ഷത്തിൽ അധികം പേർ പിന്തുടരുന്നുണ്ട് ഈ അവതാരകയെ.
അവതാരകയിലേക്കുള്ള വരവ്?
ഞാൻ കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട്ട് എം.ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. കോഴ്‌സ് കഴിഞ്ഞപ്പോൾ ഇന്റേൺഷിപ്പിനുവേണ്ടി കൊച്ചിയിലേക്ക് വരേണ്ടി വന്നു. ഞാൻ നന്നായി സംസാരിക്കുന്ന ഒരാളായതുകൊണ്ട് എല്ലാവരും ചോദിക്കാറുണ്ട് മീഡിയയിൽ ട്രൈ ചെയ്തുകൂടെ എന്ന്. അങ്ങനെ ആണ് ഞാനും അതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതുകഴിഞ്ഞ് എന്റെ ഒരു സുഹൃത്ത് മുഖേന മൈൽസ്റ്റോൺ മൈക്കേഴ്‌സിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായ അപ്പൂസ് ചേട്ടന്റെ നമ്പർ എനിക്ക് കിട്ടി. എന്റെ താൽപ്പര്യം അറിയിച്ചപ്പോൾ ഒരു ദിവസം വരൂ, നമുക്ക് ചെയ്തുനോക്കാം എന്ന് മാത്രമാണ് പറഞ്ഞത്. ഞാൻ ആദ്യം ഇന്റർവ്യൂ ചെയ്യുന്നത് തല്ലുമാലയിലെ സ്റ്റൈലിസ്റ്റായ ഏക്തയെ ആണ്. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് മൈൽസ്റ്റോണിൽ നിന്നുതന്നെ വളരെ പെട്ടെന്ന് ഒരു ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച് കോൾ വന്നു. അങ്ങനെയാണ് ഞാൻ ഗായത്രി സുരേഷിനെ ഇന്റർവ്യൂ ചെയ്യുന്നത്. അതുകഴിഞ്ഞ് ഷാൽബിൻ ചേട്ടന്റെ വിവാഹസമയത്താണ് ഞാൻ ചാനലിലെ മറ്റുള്ളവരുമായി സൗഹൃദത്തിൽ ആവുന്നത്. അതുകഴിഞ്ഞ് ഞാൻ സ്ഥിരമായി ഷോകൾ ചെയ്യാറുണ്ട്.
പറ്റിയ പണി അവതാരക ആണെന്ന് തോന്നിയത് എപ്പോഴാണ്?
സത്യത്തിൽ എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. ആദ്യമൊക്കെ ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല എന്നുവരെ എനിക്ക് തോന്നിയിരുന്നു. പക്ഷേ ചില സമയത്ത് ഇന്റർവ്യൂകൾ കണ്ട് എല്ലാവരും നല്ല അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.
ഇന്റർവ്യൂവിന് മുൻപുള്ള തയ്യാറെടുപ്പുകൾ?
ഇന്റർവ്യൂവിന് വരുന്ന ആളെക്കുറിച്ച് അറിഞ്ഞുവയ്ക്കുക എന്നതുതന്നെയാണ് പ്രധാന കാര്യം. ഇന്റർവ്യൂവിന് മുൻപ് ചെയ്തിട്ടുള്ള മൂന്നോ നാലോ ഇന്റർവ്യൂകൾ ഞാൻ കാണാറുണ്ട്. അപ്പോൾ തന്നെ ആളെക്കുറിച്ചുള്ള ഒരു ധാരണ കിട്ടാറുണ്ട്.
പേടിച്ച് ചെയ്തിട്ടുള്ള ഇന്റർവ്യൂകൾ?
ഒട്ടും പ്ലാൻ ചെയ്യാതെ വരുന്ന ഇന്റർവ്യൂകളിൽ മാത്രം ആണ് കുറച്ചുപേടി ഉണ്ടാവാറുള്ളത്. മൂവി പ്രൊമോഷൻ ഇന്റർവ്യൂകളിൽ ഒക്കെ ചിലപ്പോൾ എപ്പോൾ വേണമെങ്കിലും ആളുകൾ മാറാൻ ചാൻസ് ഉണ്ട്. ഇന്റർവ്യൂ ചെയ്യാൻ പോകുന്നതിന്റെ തൊട്ടുമുൻപായിരിക്കും ഇന്ന ആളാണ് ഇന്റർവ്യൂവിന് ഉണ്ടാവുക എന്നറിയുന്നത്. അങ്ങനെ എടുക്കേണ്ടി വന്ന ഇന്റർവ്യൂ ആണ് ഷറഫുദ്ദീൻ ഇക്കയുടേത്. ആ ഇന്റർവ്യൂയിൽ എനിക്ക് കുറച്ച് നെഗറ്റീവും കേൾക്കേണ്ടതായി വന്നിട്ടുണ്ട്. ഇങ്ങനെ ഇപ്പോഴും ഇടയ്ക്ക് ഉണ്ടാവാറുണ്ട്. എങ്കിലും ഞാൻ ഇപ്പോൾ പഠിച്ചു അതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന്.
സിനിമ ആണോ ആഗ്രഹം?
സിനിമയെക്കുറിച്ച് ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. പിന്നെ എന്റെ ലൈഫിൽ എല്ലാം പ്രതീക്ഷിക്കാതെയാണ് നടക്കുന്നത്. ഇനി ഇതുപോലെ പ്രതീക്ഷിക്കാതെ വല്ലതും നടക്കുമോ എന്നറിയില്ല. എന്തായാലും ഇപ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.
റോൾ മോഡൽസ്?
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് പേർളി ചേച്ചിയുടെ വീഡിയോസ് ആണ്. പിന്നെ രഞ്ജിനി ചേച്ചി, റിമിടോമി തുടങ്ങിയവരുടെ ഒക്കെ ഇന്റർവ്യൂകൾ എനിക്ക് ഇഷ്ടമാണ്. ഇവരുടെ ഒക്കെ പ്രത്യേകത എന്തെന്നാൽ അവർ ചോദ്യം ചോദിക്കുക എന്നതിലുപരി ഒരുമിച്ച് കുറച്ചു നേരം വിശേഷങ്ങൾ പങ്കുവയ്ക്കുക എന്ന രീതിയിൽ ആണ് ഇന്റർവ്യൂകൾ ചെയ്യാറുള്ളത്. എനിക്കും കൂടുതൽ അതിനോടാണ് താൽപ്പര്യം.
സൂപ്പർ വാവയുമായുള്ള കോമ്പോ?
ഇന്റർവ്യൂ എടുക്കുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ഞങ്ങളുടെ കോമ്പോ ഇത്രയും ഹിറ്റ് ആവും എന്ന്. ഒരു ബ്രദർ ഫീൽ ആണ് നിങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരിക്കലും ഇന്റർവ്യൂ ചെയ്യുന്നതിന് മുമ്പ് ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നിട്ടില്ല. ഞാൻ എന്റെ ഒരു അനിയനോട് അല്ലെങ്കിൽ ബെസ്റ്റ് ഫ്രണ്ടിനോട് സംസാരിക്കുന്നത് പോലെയാണ് ഇന്റർവ്യൂ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് അതൊക്കെ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റി എന്നുള്ളതാണ്. നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചുകൂടെ എന്നൊക്കെ ഉള്ള കമന്റുകളും വരാറുണ്ട്. സത്യത്തിൽ സൂപ്പർവാവ എനിക്കൊരു അനിയനെപ്പോലെ നല്ലൊരു സുഹൃത്ത് ആണ്.
പുറത്ത് ഇറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ടോ?
പുറത്തുപോവുമ്പോൾ ചെറിയ കുട്ടികൾ മുതൽ അറിയുന്നവരൊക്കെ വന്ന് അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെ കണ്ട് സംസാരിക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. കൂടുതൽ ആളുകളും സൂപ്പർ വാവയുമായുള്ള കോമ്പോയെക്കുറിച്ച് സംസാരിക്കാറുണ്ട്. അവരിൽ ഒരാളായിട്ട് എന്നെയും കാണുന്നതിൽ വളരെ സന്തോഷം ഉണ്ട്.
ഇനിയുള്ള സ്വപ്നങ്ങൾ?
ഞാൻ ഇപ്പോൾ കൂടുതലും ഫൺ ഇന്റർവ്യൂകളാണ് എടുക്കുന്നത്. കുറച്ച് സീരിയസ് ആയിട്ടുള്ള ഇന്റർവ്യൂകൾ എടുക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. അതൊക്കെ ഒന്ന് മാറ്റി എല്ലാത്തരത്തിലുള്ള ഇന്റർവ്യൂകളും കൈകാര്യം ചെയ്യാൻ പറ്റുന്നതാക്കണം എന്ന ആഗ്രഹം ഉണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന നല്ലൊരു അവതാരക ആവുക എന്നതുതന്നെയാണ് തൽക്കാലം എന്റെ ചെറിയ സ്വപ്നങ്ങൾ.
അപ്പൂസ് കെ.എസ്