
ചെങ്ങന്നൂര്‍ : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത സ്‌ക്വാഡ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു. 12 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങളും നിരോധിത കളര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മധുര പലഹാരവുമാണ് പിടിച്ചെടുത്തത്. റെയില്‍വേ സ്റ്റേഷന് സമീപം ഷൈനി വില്‍സണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ചിപ്‌സ് എന്ന കടയില്‍ നിന്നാണ് പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തത്. ഇതേ റോഡില്‍ കച്ചവടം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് നിരോധിത ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മലബാര്‍ ചിപ്‌സ് എന്ന കട അടച്ചിടാന്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. നഗരസഭ ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ചുവന്ന കോസി കോര്‍ണര്‍ എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ചെങ്ങന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.ഷാജി, നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, കായംകുളം ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് അഞ്ജു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്.എ.അരുണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 2027 ജനുവരി 18 വരെ പരിശോധന തുടരും.










