10:08am 24 August 2026
NEWS
ഉത്തർപ്രദേശിൽ പിടിയിലായത് പാകിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വൻ സംഘം
24/03/2026  12:13 PM IST
nila
ഉത്തർപ്രദേശിൽ പിടിയിലായത് പാകിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വൻ സംഘം

ഗാസിയാബാദ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്ത് ഉത്തർപ്രദേശ് പൊലീസ്. പുതിയതായി എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 22 ആയി. ശൃംഖലയുടെ പ്രധാന സംഘാടകരിലൊരാളായ നൗഷാദ് അലി അഥവാ ലാലുവിനെ ഫരീദാബാദിൽ നിന്നാണ് പിടികൂടി. ഒരു പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചർ കടയുടെ മറവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

സാങ്കേതിക പരി‍ജ്ഞാനമുള്ള യുവാക്കളെ ചാരപ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതിൽ നൗഷാദ് നിർണായക പങ്കുവഹിച്ചു. മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ പ്രവർത്തനം, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ പരിചയമുള്ളവരെയാണ് ഇയാൾ ലക്ഷ്യമിട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പണം വാഗ്ദാനം ചെയ്ത് ചാരവൃത്തിയിലേക്ക് ആകർഷിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. ഓരോ വിവരത്തിനും പ്രതിഫലമായി നിശ്ചിത തുക ലഭിച്ചിരുന്നു. സംശയം ഒഴിവാക്കാൻ സ്ത്രീകളെയും ശൃംഖലയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നൊണ് പൊലീസ് വ്യക്തമാക്കുന്നത്.

മാർച്ച് 14-ന് സോഹൈൽ മാലിക്, സന ഇറം എന്നിവർ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ചാരസംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശൃംഖലയുടെ വ്യാപ്തി വ്യക്തമായത്. ഡൽഹി, സോണിപത് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ തന്ത്രപ്രധാന ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാനിലേക്ക് കൈമാറാനുള്ള പദ്ധതിയും ഇവർ തയ്യാറാക്കിയിരുന്നു.

ഡൽഹി മുതൽ കാശ്മീർ വരെ ശൃംഖല വ്യാപിപ്പിക്കാനുള്ള ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു പൊലീസ് കോൺസ്റ്റബിളിന് തോന്നിയ സംശയമാണ് ഇത്രയും വലിയ ചാരവലയത്തെ പുറത്തുകൊണ്ടുവന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img