11:59am 12 November 2026
NEWS
​ശബരിലയിൽ നടന്നത് വൻ കൊള്ള; ദേവസ്വം ഉദ്യോഗസ്ഥരടക്കം നിഴലിൽ, സ്വർണം ഉരുക്കി കടത്തിയതായി കണ്ടെത്തൽ
22/12/2025  10:00 AM IST
സുരേഷ് വണ്ടന്നൂർ
​ശബരിലയിൽ നടന്നത് വൻ കൊള്ള; ദേവസ്വം ഉദ്യോഗസ്ഥരടക്കം നിഴലിൽ, സ്വർണം ഉരുക്കി കടത്തിയതായി കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു. കേസിൽ പിടിയിലായ സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ബണ്ടാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് വൻ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വലിയ സംഭാവനകൾ നൽകുന്നവരെന്ന വ്യാജേന പ്രതികൾക്ക് ദേവസ്വം ബോർഡിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​മുൻ ബോർഡ് അംഗങ്ങളിലേക്ക് അന്വേഷണം

​മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവർക്ക് മേൽ കുരുക്ക് മുറുകുകയാണ്. പിടിയിലായ ബണ്ടാരിയുടെയും ഗോവർദ്ധനന്റെയും മൊഴികൾ ഇവർക്ക് എതിരാണെന്നാണ് വിവരം. സ്വർണം മാറ്റുന്ന കാര്യത്തിൽ ബോർഡിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ദേവസ്വം ജീവനക്കാരുമായുള്ള ഈ അവിശുദ്ധ ബന്ധത്തിന്റെ ആഴം വ്യക്തമാകും.

​സ്വർണം വേർതിരിച്ചെടുത്തത് തന്ത്രപരമായി

​ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് മുൻകൂട്ടി അറിഞ്ഞ പ്രതികൾ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ ഈ പാളികൾ സ്മാർട് ക്രിയേഷൻസിലെത്തിച്ചു. അവിടെ വെച്ച് സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. ഇതിൽ 150 ഗ്രാം പണിക്കൂലിയായി മാറ്റിവെച്ചു. ഗോവർദ്ധനന്റെ കൈയ്യിൽ നിന്നും 470 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. ബാക്കിയുള്ള സ്വർണം പ്രതികൾ എന്തുചെയ്തു എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

​കുറ്റബോധം തീർക്കാൻ 'അന്നദാനം'

​അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചതിലെ കുറ്റബോധം മറികടക്കാൻ പ്രതികൾ ശബരിമലയിൽ അന്നദാനം നടത്തിയെന്ന വിചിത്രമായ വിവരവും പുറത്തുവന്നു. 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ മനസാക്ഷിക്കുത്തുണ്ടായെന്നും ഇതിന് പരിഹാരമായി ശബരിമലയിൽ സ്‌പോൺസർഷിപ്പിലൂടെ അന്നദാനം നടത്താനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം രൂപ നൽകാനും ഉണ്ണികൃഷ്ണൻ പോറ്റി നിർദ്ദേശിച്ചതായി ഗോവർദ്ധനൻ മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും ഇയാൾ ഹാജരാക്കിയിട്ടുണ്ട്.
​സ്വർണം കൈമാറാൻ സഹായിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img