10:10am 13 September 2026
NEWS
10 വർഷം, 245.62 കോടി! എൽഡിഎഫ് കാലത്ത് വക്കീൽഫീസായി ഖജനാവിൽനിന്ന് ഒഴുകിയത് വൻതുക
13/09/2026  07:23 AM IST
nila
10 വർഷം, 245.62 കോടി! എൽഡിഎഫ് കാലത്ത് വക്കീൽഫീസായി ഖജനാവിൽനിന്ന് ഒഴുകിയത് വൻതുക

തിരുവനന്തപുരം: പത്തുവർഷം അധികാരത്തിലിരുന്ന പിണറായി സർക്കാരിന്റെ കാലത്ത് വിവിധ കേസുകൾക്കായി അഭിഭാഷകർക്ക് നൽകിയ ഫീസ് 245.62 കോടി രൂപ. സുപ്രീംകോടതി മുതൽ ഹൈക്കോടതി വരെയുള്ള കേസുകൾക്കും നിയമോപദേശങ്ങൾക്കും നിയമഭേദഗതികളുടെ കരട് തയ്യാറാക്കുന്നതിനുമടക്കം പൊതുഖജനാവിൽനിന്നാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം കാസർകോട് ഉർദൂർ സ്വദേശി എ.എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.

2016 മുതൽ 2026 വരെയുള്ള കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തുടങ്ങിയ കോടതികളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ പ്രതിഫലവും 245.62 കോടി രൂപയിൽ ഉൾപ്പെടുന്നു. ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടങ്ങൾ ഉൾപ്പെടെ വിവിധ സുപ്രധാന കേസുകളിലും സർക്കാർ വലിയ തുക അഭിഭാഷക ഫീസായി ചെലവഴിച്ചു.

സുപ്രീംകോടതിയിൽ 789 കേസുകൾ; ചെലവ് 38.91 കോടി

സുപ്രീംകോടതിയിൽ സർക്കാരുമായി ബന്ധപ്പെട്ട 789 കേസുകൾക്കായി മാത്രം 38.91 കോടി രൂപയാണ് ഫീസിനത്തിൽ നൽകിയത്. സീനിയർ അഭിഭാഷകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത് ജയദീപ് ഗുപ്തയ്ക്കാണ്. 273 കേസുകളിൽ ഹാജരായ അദ്ദേഹത്തിന് 8.91 കോടി രൂപ നൽകി.

അഞ്ച് കേസുകളിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി രൂപയാണ് പ്രതിഫലമായി നൽകിയത്. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ തുടങ്ങിയ പ്രമുഖരിൽനിന്ന് നിയമോപദേശം തേടിയതിനും സർക്കാർ 92.65 ലക്ഷം രൂപ ചെലവഴിച്ചു.

കോടികൾ ചെലവായ പ്രധാന കേസുകൾ

സർക്കാർ അഭിഭാഷക ഫീസായി വലിയ തുക ചെലവഴിച്ച കേസുകളിൽ സോളാർ കേസ് മുന്നിലാണ്. വിവിധ കേസുകളിലായി നൽകിയ പ്രധാന ഫീസുകൾ:

  1. സോളാർ കേസ്: 1.20 കോടി രൂപ
  2. പെരിയ ഇരട്ടക്കൊല: 85 ലക്ഷം രൂപ
  3. സ്വർണക്കടത്ത് കേസ്: 70 ലക്ഷം രൂപ
  4. വടക്കാഞ്ചേരി ലൈഫ് മിഷൻ: 55 ലക്ഷം രൂപ
  5. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയ കേസ്: 56 ലക്ഷം രൂപ
  6. ഹാരിസൺ മലയാളം: 45 ലക്ഷം രൂപ
  7. കിഫ്ബി കേസ്: 45 ലക്ഷം രൂപ
  8. സാന്റിയാഗോ മാർട്ടിൻ ലോട്ടറി കേസ്: 17.50 ലക്ഷം രൂപ
  9. ചെറുവള്ളി എസ്റ്റേറ്റ്: 16.50 ലക്ഷം രൂപ
  10. സ്പ്രിംഗ്‌ളർ കേസ്: 2 ലക്ഷം രൂപ

പത്തുവർഷത്തിനിടെ വിവിധ നിയമപോരാട്ടങ്ങൾക്കായി പൊതുഖജനാവിൽനിന്ന് ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുപ്രീംകോടതിയിലെ കേസുകൾക്കും സംസ്ഥാനത്തെ വിവിധ കോടതികളിലെ നിയമനടപടികൾക്കും പുറമെ സർക്കാർ തേടിയ നിയമോപദേശങ്ങളും ഈ ചെലവിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img