10:17pm 20 April 2026
NEWS
പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്ന് ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകി ഹൈക്കോടതി അഭിഭാഷകൻ.
20/04/2026  07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്ന് ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകി ഹൈക്കോടതി അഭിഭാഷകൻ.

തൃശൂർ മറ്റത്തൂരിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഉടൻ സർക്കാർ പ്രഖ്യാപിക്കണമെന്നും ജനങ്ങൾ താമസിക്കുന്ന വന പ്രദേശങ്ങളിലെ അതിർത്തി മേഖലകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപകമായി പല മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നത് പരിശോധിക്കണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകി.തൃശൂർ മറ്റത്തൂർ കൊടകര കടമ്പോട്ട് വീട്ടിൽ സിൽജോയുടെ മക്കളായ അൽജോ (8 വയസ്സ്), അനോഷ് (10 വയസ്സ്) എന്നിവർക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റത്.  അൽജോ സംഭവത്തിൽ മരണപ്പെടുകയും ചെയ്തു.  വനത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് ആവിശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതിലെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിംഗ് ചൂണ്ടിക്കാട്ടി.വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിന് അകത്ത് വച്ച് പാമ്പ് കടിയേറ്റ് 2019-ൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതി മുഖേന പൊതു താല്പര്യ ഹർജി ഫയൽ ചെയ്ത് നിയമ പോരാട്ടം നടത്തിയതിൽ ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പാമ്പ് കടിയിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥികളെ രക്ഷിക്കുവാൻ ശക്തമായ മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കിയിരുന്നു.  അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഹർജിയിൽ ഉണ്ടായ കോടതി വിധിയിൽ പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രതിവിഷം സംസ്ഥാനത്ത് വികസിപ്പിക്കണമെന്നും സർക്കാറിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.