10:04pm 13 May 2026
NEWS
കെ വി തോമസിന്റെ പുസ്തകത്തിൽ കെ കരുണാകരനെ കുറിച്ച് നുണക്കഥയെന്നും ഭാഗം നീക്കണമെന്നും ഡിജിപിയ്ക്ക് ഹൈക്കോടതി അഭിഭാഷകന്റെ പരാതി.
13/05/2026  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ വി തോമസിന്റെ പുസ്തകത്തിൽ കെ കരുണാകരനെ കുറിച്ച് നുണക്കഥയെന്നും ഭാഗം നീക്കണമെന്നും ഡിജിപിയ്ക്ക് ഹൈക്കോടതി അഭിഭാഷകന്റെ പരാതി.

കെ വി തോമസിന്റെ പുസ്തകത്തിൽ കെ കരുണാകരനെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങൾ തെളിവുകൾ ഇല്ലാത്ത നുണക്കഥയെന്നും പുസ്തകത്തിൽ കരുണാകരനെ മോശക്കാരനായി ചിത്രീകരിക്കുവാൻ മനഃപൂർവ്വം പരാമർശിച്ചിട്ടുള്ള ഭാഗം നീക്കണമെന്നും ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി.  ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.  സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ പൊതുജീവിതം  കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനെക്കുറിച്ച് ബോധപൂർവ്വം വാസ്തവ വിരുദ്ധ കാര്യങ്ങൾ പുസ്തകത്തിൽ എഴുതി പിടിപ്പിച്ച് വിറ്റ് കാശാക്കാൻ നോക്കുന്ന കെ വി തോമസിന്റെ നടപടി കുറ്റകരമായ പ്രവൃത്തിയാണ്.  കരുണാകരനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ കെ വി തോമസിന്റെ പുസ്തകം വഴിവച്ചെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് നിയമ നടപടി വേണമെന്നുമാണ് കെ കരുണാകരൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ഘട്ടത്തിൽ അതിന്റെ വിദ്യാർത്ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായി അന്ന് പ്രവർത്തിച്ചിരുന്ന മികച്ച സംഘാടകൻ കൂടിയായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.  മുൻ കേന്ദ്ര മന്ത്രിയും ലോക് സഭയിൽ എറണാകുളത്തെ മുൻപ് പ്രതിനിധീകരിച്ചിരുന്ന മുൻ സംസ്ഥാന മന്ത്രി കൂടിയായ പ്രൊഫ. കെ വി തോമസ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് അദ്ദേഹത്തിന്റെ ആത്മകഥാംശം നിറഞ്ഞ കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുതിയ പുസ്തകം പുറത്തിറക്കിയത്.  ഇതിലെ ചില ഭാഗത്താണ് കെ കരുണാകരനെ കുറിച്ച് വ്യക്തിപരമായും അല്ലാതെയും പരാമർശം നടത്തിയിരിക്കുന്നത്.  പുസ്തകത്തിന് എതിരെ കരുണാകരന്റെ കുടുംബത്തിൽ നിന്ന് വിമർശനം ഉണ്ടായി എങ്കിലും അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് തെളിവുകളില്ലാത്ത ചില അവകാശ വാദങ്ങൾ നുണക്കഥയെന്നും ആയത് പുസ്തകത്തിന്റെ ഭാഗത്ത് നിന്ന് നീക്കണമെന്നും ആവിശ്യപ്പെട്ട് നിയമനടപടി ആവിശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്.  സ്വന്തം കുടുംബ താല്പര്യം കണക്കിലെടുത്ത് സ്ഥാനാർത്ഥിത്വത്തിന് പുറം വാതിലിലൂടെ നീക്കം നടത്തിയത് കൊണ്ട് കരുണാകരനോട് സോണിയാ ഗാന്ധിയ്ക്ക് ഇഷ്ടക്കുറവ് ഉണ്ടായെന്നും. കേരളത്തിലെ ആന്റണി മന്ത്രി സഭയിൽ അംഗമായിരുന്ന വ്യക്തിയിയോട് എല്ലാ ആഴ്ചയും കാബിനറ്റ് ഫയലുമായി കരുണാകരനെ വന്ന് കാണുവാൻ നിർദ്ദേശം ഉണ്ടായതായും 2004-ൽ തെന്നല ബാലകൃഷ്ണപിള്ളയെ രാജ്യ സഭാഅംഗമായി തീരുമാനിച്ചതിൽ സോണിയാ ഗാന്ധിക്കൊപ്പം നിന്നത് കരുണാകരന് ഇഷ്ട്ടപ്പെട്ടില്ലെന്നും, പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിനെ പി വി എന്ന് കരുണാകരൻ വിളിച്ചിരുന്നത് കൊണ്ട് നരസിംഹ റാവുവിന് കരുണാകരനോട് അകൽച്ച വന്നുവെന്നും മറ്റും കെ വി തോമസ് പുസ്തകത്തിൽ പരസ്യപ്പെടുത്തുന്നു.  ഇത്തരം കാര്യങ്ങൾ അടിസ്ഥാന രഹിതമായ നുണകഥയെന്നും കരുണാകരനെ പൊതു മണ്ഡലത്തിൽ മരിച്ച ശേഷവും മോശക്കാരനായി ചിത്രീകരിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമെന്നും സോണിയാ ഗാന്ധി പോലും വെളിപ്പെടുത്താത്ത കാര്യങ്ങൾ കെ വി തോമസ് പറയുന്നത് വിശ്വസനീയമല്ലെന്നും  പുസ്തകത്തിലെ തെളിവുകൾ ഇല്ലാത്ത കരുണാകരനെ കുറിച്ചുള്ള പരാമർശം നീക്കണമെന്നും ഇതിൽ കെ വി തോമസിനെതിരെ നിയമ നടപടി പരിശോധിക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയോട് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.  കോളേജ് അധ്യാപകനായിരുന്ന കെ വി തോമസിനെ അധികാര രാഷ്ട്രീയ  രംഗത്ത് പ്രവേശിപ്പിച്ചത് കരുണാകരനായിരുന്നുവെന്നും കെ കരുണാകരന്റെ നോമിനിയെന്ന അഡ്രസ്സ് മാത്രമേ പൊതു സമൂഹം കെ വി തോമസിന് ഇന്നും നൽകുന്നുള്ളൂവെന്നും മലക്കറിയും മീനും കൊച്ചി അന്താരാഷട്ര വിമാനത്തിലൂടെ കയറ്റി കൊണ്ടുപോയി പ്രീതി സമ്പാദിച്ച് ഉയർന്ന ആളല്ല കരുണാകരനെന്നും തൊഴിലാളി പ്രസ്ഥാനത്തിലൂടെ അധികാര വർഗ്ഗത്തിനെതിരെ പോരാട്ടം നടത്തി ജന പിന്തുണയോടെ ഉയർന്ന് വന്ന് സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ ശോഭിച്ച കെ കരുണാകരന്റെ ഓർമ്മകൾ പടനയിക്കുന്നവർക്ക് ഇന്നും വീര്യം പകരുന്നുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കെ വി തോമസിനെ ഓർമിപ്പിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img