
ദോഹ: അന്താരാഷ്ട്ര നെൽസൻ മണ്ടേല ദിനത്തിൽ, ആഫ്രിക്കൻ സിംഹത്തിന്റെ ചരിത്രപരമായ ഖത്തർ സന്ദർശനത്തിന്റെ ഓർമ്മകൾ പുതുക്കി ഇരുരാജ്യങ്ങളും. 1995 ഏപ്രിലിൽ നെൽസൻ മണ്ടേല ദോഹയിലെത്തിയതോടെയാണ് ഖത്തറും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചത്. വർണ്ണവിവേചനത്തിന്റെ കറുത്ത നാളുകളിൽ നിന്ന് ആഫ്രിക്കൻ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ശേഷം മണ്ടേല സന്ദർശിച്ച ആദ്യത്തെ ഗൾഫ് രാജ്യങ്ങളിലൊന്നായിരുന്നു ഖത്തർ.ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ് 2002-ൽ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നതും ഇരുരാജ്യങ്ങളും തമ്മിൽ ഊർജ്ജ, വ്യാപാര മേഖലകളിൽ വൻ നിക്ഷേപങ്ങൾക്ക് തുടക്കമിടുന്നതും. തുടർന്ന് 2017-ൽ നിലവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തി ബന്ധം കൂടുതൽ ദൃഢമാക്കി.
മാനുഷിക മൂല്യങ്ങൾക്കും സമാധാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മണ്ടേലയോടുള്ള ആദരസൂചകമായി യു.എൻ ജനറൽ അസംബ്ലി സംഘടിപ്പിച്ച 'മണ്ടേല പീസ് സമ്മിറ്റിൽ' ഖത്തർ സജീവമായി പങ്കാളികളാവുകയും അദ്ദേഹത്തിന്റെ പൈതൃകത്തെ രാജ്യം എക്കാലവും ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.











