
ചെങ്ങന്നൂർ: വാഹനത്തിലെ സ്ഥിരം യാത്രക്കാർ ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചുപ്പോൾ അത് വിനോദ യാത്രയുടെ നവ്യാനുഭവങ്ങൾക്ക് വഴി മാറി. ഭരണിക്കാവിൽ നിന്ന് ചെങ്ങന്നൂരേക്കും , കോഴഞ്ചേരിക്കും, പത്തനംതിട്ടയ്ക്കും സർവീസ് നടത്തുന്ന എസ് എസ് ടാവൽസിൻ്റെ 3 ബസിലെ എഴുപതോളം സ്ഥിരം യാത്രക്കാരാണ് കോവിഡിന് ശേഷം ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചത്. തുടക്കത്തിൽ ബസ് സംബന്ധിച്ച വിവരങ്ങളാണ്
കൈ മാറിയിരുന്നതെങ്കിൽ പിന്നീട് യാത്രക്കാർ തമ്മിൽ ഊഷ്മളമായ ഹൃദയ ബന്ധങ്ങളിലേക്ക് കടന്നു. പരസ്പരം സഹായിക്കുക, അന്യോന്യം
കൈത്താങ്ങായി പ്രവർത്തിക്കുക തുടങ്ങി ഒരു ആത്മ ബന്ധത്തിൻ്റെ തലത്തിലേക്ക് വളർന്നു. ഇതിന്നൊക്കെ പിന്തുണയായി ബസ് ഉടമ സത്താർ നുറുദീനും ഉണ്ടായിരുന്നു.
ഈ കഴിഞ്ഞ ദിവസം ആണ് ഇവർ വാഗമണ്ണിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചത്. ഇതിൻറെ ചെലവുകൾ പാസഞ്ചർ കൂട്ടായ്മയും ബസ് ഉടമയും ചേർന്നാണ് വഹിച്ചത്. 18 സ്ത്രീകളും ഉടമയടക്കം 5 പുരുഷൻമാരും യാത്രയിൽ പങ്കെടുത്തു. ചാരുംമൂട്ടിൽ നിന്നാണ് യാത്രയാരംഭിച്ചത്. വൈകി മടങ്ങിയെത്തിയതിനാൽ യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിൽ ബസിൽ എത്തിച്ചു. വനം,പൈൻ മരകൂട്ടങ്ങൾ , പ്രകൃതി ഭംഗി, തെളിഞ്ഞ കാലാവസ്ഥ , നല്ല ഭക്ഷണം എന്നിവ അവർ ആവോളം ആസ്വദിച്ചു. ആടിയും പാടിയും യാത്ര ഉല്ലാസമാക്കി.
രാവിലെ ആറുമണിക്ക് തുടങ്ങി രാത്രി 11 മണിക്ക് തിരിച്ചു എത്തുകയും ചെയ്തു. അഡ്മിൻമാരായ ദീപ , ഷെറീന ,പ്രദീപ് എന്നിവർ ചുക്കാൻ പിടിച്ചു. പാസഞ്ചർ കൂട്ടായ്മ മുൻകൈ എടുത്ത് മറ്റ് സ്ഥലങ്ങളിലേക്കും വിനോദയാത്ര സംഘടിപ്പിക്കാൻതയ്യാറായിരിക്കുകയാണ്.











