10:27pm 17 April 2026
NEWS
ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി
11/04/2026  12:36 PM IST
ചെറുകര സണ്ണിലൂക്കോസ്
ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. തൃശൂർ വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സംഭവവുമായി ബന്ധപ്പട്ട് സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 4നാണ് രാജു ദുബായിൽനിന്ന് എത്തിയത്. ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചേയാണ് അടി ഉണ്ടായത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്.പ്രതി പോലീസിന് നേരേ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ കെ എൻ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് കീഴടക്കി സ്റ്റേഷനിൽ എത്തിച്ചു. രാജുവിന്റെ ഭാര്യ: സിജി. മക്കൾ: ഹേഭ, ഹെൽന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img