
തെലങ്കാനയിലെ മേദക് ജില്ലയിലെ ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്‌മിത(23)യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്‌മിതയും അഭിലാഷും വിവാഹിതരായത്.
അഞ്ചുമാസം മുൻപ് സുഷ്‌മിത ഗർഭിണിയായി. എന്നാൽ, ഭാര്യയുടെ ഗർഭത്തിൽ അഭിലാഷ് സംശയമുന്നയിച്ചു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിൻ്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഉപദ്രവിച്ചതായും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്‌മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ അഭിലാഷും അമ്മയും സുഷ്മിതയുമായി വഴക്കിട്ടു. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ ബന്ധുക്കളും മുതിർന്നവരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി സംസാരിച്ച് പരിഹരിച്ചത്. എന്നാൽ, ഇതിനുശേഷവും ഭർത്താവിന്റെ ഉപദ്രവം തുടർന്നെന്നും ഇക്കാരണത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും സൂഷ്‌മിതയുടെ അമ്മ ആരോപിച്ചു.
Photo Courtesy - Google







