മൂല്യം കുറയുന്ന രൂപ മധ്യവർഗത്തിന് ഭാഗ്യം; ഉട്ടോപ്യൻ ന്യായീകരണവുമായി സാമ്പത്തിക വിദഗ്ധൻ

രൂപക്കെതിരെ ഡോളർ കരുത്താർജ്ജിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് ഗുണകരമാകുമെന്ന നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ അഭിപ്രായം സാമാന്യ ബോധത്തിന് മനസിലാകുന്നതല്ല. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തിന് നല്ലതല്ലെന്ന അഭിപ്രായം പങ്കുവെച്ചത്. രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തെ മധ്യവർഗത്തിന് മാത്രമാണ് ഗുണകരമെന്നാണ് രാജീവ് കുമാറിന്റെ പക്ഷം. രൂപയുടെ മൂല്യമിടിയുന്നതിൽ ആശങ്കപ്പെടുന്ന ജനങ്ങളെ ആസ്വസിപ്പിക്കാനോ അതോ രാജ്യം ഭരിക്കുന്നവരുടെ ഗുഡ്ലിസ്റ്റിൽ എപ്പോഴുമുണ്ടാകാനുള്ള ഗിമ്മിക്കോ രാജീവ് കുമാറിന്റെ ഈ അഭിപ്രായം എന്ന ചിന്തയും ചോദ്യവും ഉയർന്നാൽ ആരെയും കുറ്റം പറയാനൊക്കില്ല.
രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനും മൂല്യതകർതച്ചയിൽ നിന്നും രൂപയെ രക്ഷിക്കാനും കേന്ദ്രസർക്കാരും റിസർവ് ബാങ്കും നടത്തുന്ന പരിശ്രമങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന് നല്ലതെങ്കിൽ എന്തിനാണ് കേന്ദ്രവും റിസർവ് ബാങ്കും ആ നല്ലതിന് തടയിടാൻ പരിശ്രമിക്കുന്നത് എന്ന ലളിതമായ ചോദ്യത്തിനും രാജീവ് കുമാർ ഉത്തരം നൽകണം.
ഡോളർ കരുത്താർജിക്കുന്നതിന്റെ പ്രധാന നേട്ടമായി രാജീവ് കുമാർ ചൂണ്ടിക്കാട്ടുന്നത് കയറ്റുമതി വർധിക്കുമെന്നതാണ്. കയറ്റുമതി കൂടുന്നത് ഉൽപാദന വർധനയ്ക്കും അതുവഴി തൊഴിലവസരങ്ങളുടെയും ഉപഭോഗത്തിന്റെയും വർധനയ്ക്കു സഹായിക്കുമെന്നും തന്റെ പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നു. രാജീവ് കുമാറിനെ പോലെ സാമ്പത്തിക രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാൾ സാങ്കൽപ്പിക ലോകത്ത് നിന്നും നടത്തിയ പ്രസംഗത്തിലപ്പുറം ഈ വാചകങ്ങൾക്ക് എന്ത് പ്രസക്തിയാണുണ്ടാകുക? ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയുമായി താരതമ്യപ്പെടുത്തിയാൽ ബഹുഭൂരിപക്ഷം സാധനങ്ങളും ഇറക്കുമതി ചെയ്യുകയാണ്. ഇതിനെല്ലാം ഡോളറിൽ തന്നെ വിനിമയം നടത്തേണ്ടിയും വരും. അപ്പോൾ ഇന്ത്യക്കാരൻ കൂടുതൽ പണം നൽകേണ്ടി വരികയാണ് ചെയ്യുന്നതെന്ന യാഥാർത്ഥ്യത്തെ മറച്ചുവെക്കുകയാണ് രാജീവ് കുമാർ ചെയ്തത്.
ലോകത്തെ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞക് അവരുടെ കറൻസിയുടെ മൂല്യം കൂപ്പുകുത്തിയപ്പോഴാണ് എന്ന കാര്യവും അദ്ദേഹം സൗകര്യപൂർവം മറച്ചുവെക്കുന്നുണ്ട്. നമ്മുടെ കേരളത്തിന് തൊട്ടടുത്തുള്ള ശ്രീലങ്ക തന്നെ അതിന് നല്ല ഉദാഹരണമാണ്. ലെബനന്റെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിട്ട് ഒടുവിൽ അവർ വിനിമയത്തിനായി ഡോളറിനെ തന്നെ ആശ്രയിക്കേണ്ടി വന്ന സാഹചര്യവും നമുക്ക് മുന്നിലുണ്ട്. ലോക രാജ്യങ്ങൾ തങ്ങളുടെ കറൻസിയുടെ മൂല്യം വർധിപ്പിക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ മൂല്യം ഇടിയുന്നത് നല്ലതാണെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധന്റെ ലക്ഷ്യം എന്തെന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്.
സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ രൂപയുടെ മൂല്യമിടിയുന്നത് നല്ലതാണെന്ന് സൂചിപ്പിച്ച് നടത്തിയ പ്രസംഗം മലയാള മനോരമ അവരുടെ ഒന്നാം പേജിൽ തന്നെ നൽകി. മനോരമയുടെ പരിപാടിയുടെ വാർത്ത അവരുടെ പത്രത്തിൽ പ്രാധാന്യത്തോടെ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, രാജീവ് കുമാറിന്റെ പ്രസംഗത്തെ തെറ്റിദ്ധാരണാജനകമായ തലക്കെട്ടോടെയാണ് മനോരമ അവതരിപ്പിച്ചത്. രൂപ കരുത്തു നേടുന്നതു മധ്യവർഗത്തിനു ഗുണം; പക്ഷേ രാജ്യത്തിനു നല്ലതല്ല എന്നായിരുന്നു അവരുടെ തലക്കെട്ട്. എന്നാൽ, ഈ വാർത്ത വായിച്ച് പോകുന്നവർ മൂല്യം കുറയുന്ന രൂപകൊണ്ട് എന്തോ വലിയ നേട്ടമുണ്ട് എന്ന് വിശ്വസിച്ചുപോയാൽ തെറ്റു പറയാനാകുമോ?
ഈ പത്രം അച്ചടിക്കുന്ന കടലാസ് പോലും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഡോളറിലാണ് അതിന്റെയും പണം നൽകേണ്ടി വരിക. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതോടെ ഇതിനായി കൂടുതൽ പണം ചിലവാക്കേണ്ടി വരും. ഇതോടെ പത്രം അച്ചടിക്കാനുള്ള ചിലവ് കൂടും. സ്വാഭാവികമായും പത്രത്തിന്റെ വില കൂട്ടും. പത്രം വായിക്കുന്നവർ കൂടുതൽ പണം കൊടുത്ത് പത്രം വാങ്ങേണ്ടി വരും. രൂപയുടെ മൂല്യം കുറയുന്നത് പത്രം വായിക്കുന്നവരെ ആദ്യം ബാധിക്കുന്നത് ഇങ്ങനെയല്ലേ? ഇന്ധനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനത്തിന് കൂടുതൽ പണം നൽകേണ്ടി വന്നാൽ സർവ മേഖലയിലും വിലക്കയറ്റം രൂക്ഷമാകും. കേരളത്തിലെ പ്രധാന വ്യവസായങ്ങളിലൊന്നായ കശുവണ്ടിയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം കുറഞ്ഞാൽ അതിനും കൂടുതൽ പണം നൽകേണ്ടി വരും. ഇതൊക്കെയാണ് സാധാരണ മലയാളികൾക്ക് അറിയാവുന്ന സാമ്പത്തി ശാസ്ത്രം. ഇതിനുമപ്പുറം എന്ത് ഗുണമാണ് സാധാരണ ജനങ്ങൾക്കുണ്ടാകുക എന്ന് സാമ്പത്തിക വിദഗ്ധൻ തന്നെ വിശദീകരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.











