
ദോഹ:ശാസ്ത്രീയ സംഗീതത്തിന്റെ സൗമ്യതയും ലാറ്റിൻ താളങ്ങളുടെ ലയവും ഒരുമിക്കുന്ന അപൂർവ സംഗീതസന്ധ്യയ്ക്ക് ദോഹ സാക്ഷിയാകുന്നു. ഖത്തർഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ, ‘Mozart y Mambo’ എന്ന പേരിൽ ജനുവരി 9, 10 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ സംഗീതപ്രേമികൾക്കായി അരങ്ങേറും.ബർലിൻ ഫിൽഹാർമോണിക്കിലെ പ്രശസ്ത ഹോർൺ വാദകയായ സാറാ വിലിസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ കോൺസേർട്ട്, മോസാർട്ടിന്റെ ശാസ്ത്രീയ കൃതികളെ ക്യൂബൻ മാംബോ താളങ്ങളുമായി മനോഹരമായി ലയിപ്പിക്കുന്നു. ഗ്രാമി നാമനിർദേശം നേടിയ കൺഡക്ടർ അലസ്റ്റയർ വിലിസ് നയിക്കുന്ന പരിപാടി, വിയന്നയുടെ സംഗീതപാരമ്പര്യത്തിൽ നിന്ന് ഹവാനയുടെ ഉത്സവതാളങ്ങളിലേക്കുള്ള സംഗീതയാത്രയായി മാറും.വൈവിധ്യമാർന്ന സംഗീതസംസ്കാരങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ പരിപാടി, ഖത്തറിന്റെ വിശാലമായ സാംസ്കാരിക മനസിനെയും ലോകോത്തര കലാപരിപാടികളുടെ കേന്ദ്രമായി രാജ്യത്തെ ഉയർത്തുന്ന ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.











