03:42pm 17 October 2026
NEWS
അഴിമതിയുടെ കൂത്തരങ്ങായി ഒരു ഭരണഘടനാ സ്ഥാപനം
17/10/2026  12:37 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
അഴിമതിയുടെ കൂത്തരങ്ങായി ഒരു ഭരണഘടനാ സ്ഥാപനം
HIGHLIGHTS

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കർണാടക പി.എസ്.സിയിൽ സിഐഡിയും ഇഡിയും നടത്തുന്ന അന്വേഷണങ്ങളിൽ നിന്ന് പുറത്തുവരുന്നത് 

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC)വഴി സർക്കാർ ജോലിനേടാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ്  പുറത്തുവന്നത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, പണം വാങ്ങി നിയമനം ഉറപ്പാക്കാനുള്ള ശ്രമം, തിരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേട്, ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ഒക്ടോബർ 12, 2026 വരെ പുറത്തുവന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ, വിഷയം ഒരു പരീക്ഷയിലെ ക്രമക്കേടിൽ ഒതുങ്ങുന്നില്ലെന്നാണ് അന്വേഷണത്തിലെ പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

വെറ്ററിനറി ഓഫീസർ പരീക്ഷയാണ് പുതിയ വിവാദത്തിന്റെ തുടക്കം.

2026 ജനുവരി 8, 9 തീയതികളിൽ 400 വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് നടന്ന കെപിഎസ് സി പരീക്ഷയിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ഏകദേശം 1,400 പേർ പരീക്ഷയെഴുതിയപ്പോൾ 329 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.
പരീക്ഷയ്ക്ക് മുമ്പ് ചില ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ ചിലർക്ക് അസാധാരണമായ ഉയർന്ന മാർക്ക് ലഭിച്ചുവെന്നുമാണ് സിഐഡി യുടെയും ഇഡി യുടെയും അന്വേഷണത്തിൽ വെളിപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ചില ഉദ്യോഗാർഥികളെ ബംഗളൂരുവിന് സമീപമുള്ള റിസോർട്ടുകളിൽ എത്തിച്ച് ചോദ്യപേപ്പറിലെ ഉത്തരങ്ങൾ പഠിപ്പിച്ചതായും പിന്നീട് പരീക്ഷാകേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിച്ചതായും ഇഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കോടികൾ കൈമാറിയെന്ന ആരോപണം

അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ചില ഉദ്യോഗാർഥികളിൽ നിന്ന് ജോലി ഉറപ്പാക്കുന്നതിനായി 30 ലക്ഷം മുതൽ 40 ലക്ഷം വരെ ഈടാക്കിയെന്നാണ് ആരോപണം. ചില കേസുകളിൽ ആദ്യം ആവശ്യപ്പെട്ട തുക 80 ലക്ഷം വരെയായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

കുറഞ്ഞത് 11 ഉദ്യോഗാർഥികൾ ചോർന്ന ചോദ്യപേപ്പറിനായി  ഏകദേശം 1.52 കോടി നൽകിയതായി  സിഐഡി- ഇഡി  അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഒരു ഉദ്യോഗാർഥിക്ക് പരീക്ഷയ്ക്കുശേഷം ഛങഞ ഷീറ്റ് മാറ്റുന്നതിനായി പണം ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ പറയുന്നു. 

മുൻ പരീക്ഷാ കൺട്രോളർ അറസ്റ്റിൽ

ഈ കേസിൽ പ്രധാനമായി ഉയർന്നുവന്ന ആൾ   ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാർ ആണ്. 2024 മുതൽ 2026 മാർച്ച് വരെ കെ പി എസ് സി പരീക്ഷാ കൺട്രോളറായിരുന്ന ഗംഗ്വാർ, ചോദ്യപേപ്പർ ഇടനിലക്കാരന് കൈമാറിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സി ഐ ഡി അദ്ദേഹത്തെ ആഗസ്റ്റ് 29 ന് അറസ്റ്റ് ചെയ്തു. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ ആരോപണം അന്വേഷിക്കുന്ന ഇഡിയും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബറിൽ പ്രത്യേക  പിഎംഎൽഎ കോടതി അദ്ദേഹത്തെ  ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. 

ചെയർമാൻ ശിവശങ്കരപ്പ സഹുകാറിനെതിരെയും നടപടി

കെ പി എസ് സി ചെയർമാൻ ശിവശങ്കരപ്പ എസ്. സഹുകാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സർക്കാർ നിയമനവുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതം, വെറ്ററിനറി ഓഫീസർ പരീക്ഷയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളാണ് അന്വേഷണ പരിധിയിൽ വന്നത്.

ആഗസ്റ്റ് 25 ന് ഗവർണർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. പിന്നീട് ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയും തള്ളപ്പെട്ടു. സിഐഡിയുടെ വാദപ്രകാരം സഹുകാറും മകനും പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയനായ ഇടനിലക്കാരനുമായി എൻക്രിപ്റ്റഡ് ഫോൺ കോളുകൾ നടത്തിയിരുന്നു. 

കെഎഎസ്  നിയമനവും അന്വേഷണ പരിധിയിൽ

വിവാദം വെറ്ററിനറി ഓഫീസർ പരീക്ഷയിൽ മാത്രം ഒതുങ്ങിയിട്ടില്ല. കെപിഎസ് സി യുടെ 384  ഗസറ്റഡ് പ്രൊബേഷനേർസ് നിയമനവുമായി ബന്ധപ്പെട്ട രേഖകളും സിഐഡി പരിശോധിക്കുന്നുണ്ട്. 2024ലെ പ്രാഥമിക പരീക്ഷയിൽ രണ്ട് ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ പങ്കെടുത്തിരുന്നു.
2026 മെയ് മാസത്തിലെ ഒരു   കെഎഎസ് അഭിമുഖത്തിൽ ഒരു ഉദ്യോഗാർഥിക്ക് വേണ്ടി കെപി എസ് സി അംഗം അനുകൂലമായി ഇടപെട്ടുവെന്ന പരാതിയും അന്വേഷണത്തിലാണ്. ആ ഉദ്യോഗാർഥിയുമായി ബന്ധപ്പെട്ട് അഭിമുഖത്തിന് മുമ്പ് കെപിഎസ് സി അംഗം 13 തവണ ഫോൺ വിളിച്ചെന്ന വിവരവും സിഐഡി കോടതിയിൽ ബോധിപ്പിച്ചു.

എംവിഐ തിരഞ്ഞെടുപ്പ് പട്ടിക പിൻവലിച്ചു

ഒക്ടോബർ 1 ന് പുറത്തുവന്ന ഏറ്റവും പുതിയ സംഭവങ്ങളിലൊന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ങഢക) നിയമനവുമായി ബന്ധപ്പെട്ടതാണ്.
2016 ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ങഢക തിരഞ്ഞെടുപ്പ് നടപടിയിൽ 2025ൽ പുറത്തിറക്കിയ അധിക പട്ടിക കെപിഎസ്‌സി പിൻവലിച്ചു. സിഐഡി അന്വേഷണത്തിനിടെ വിരമിച്ച കെ പി എസ് സി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് ലഭിച്ച രേഖയിലാണ് എട്ട് പേരുടെ പേരുകൾക്കൊപ്പം ''പെന്റിങ് പേയ്മെന്റ് 70 ലക്ഷം'' എന്ന കുറിപ്പ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ഈ രേഖയുടെ അടിസ്ഥാനത്തിൽ നിയമനക്രമത്തിൽ സാമ്പത്തിക ഇടപെടലുണ്ടായോ എന്നത് അന്വേഷിക്കുകയാണ്. അതോടെ കെപിഎസ്‌സി യിലെ ഇപ്പോഴത്തെ അന്വേഷണം കൂടുതൽ നിയമനങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. 

ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതിയുടെ  ഇടപെടലും

സെപ്റ്റംബർ 21 ന് കർണാടക ഹൈക്കോടതി കെപിഎസ്‌സി നിയമന ക്രമക്കേടുകൾ അന്വേഷിക്കാൻ ഡിജിപി  അലോക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗ എസ്‌ഐടി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. വെറ്ററിനറി ഓഫീസർ നിയമനവും ചെയർമാന്റെ മകളുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉൾപ്പെടെ അന്വേഷണം നടത്താനായിരുന്നു നിർദേശം.

എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഒക്ടോബർ 1 ന് സുപ്രീംകോടതി ഹൈക്കോടതി നിർദേശിച്ച പുതിയ എസ് ഐ ടി അന്വേഷണത്തിന് സ്റ്റേ നൽകി. നിലവിൽ  സി ഐ ഡി അന്വേഷണം നടക്കുന്നതിനാൽ അതിന് പകരമായി പുതിയ എസ് ഐ ടി രൂപീകരിക്കേണ്ട സാഹചര്യം ഹൈക്കോടതി വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നു. അതിനാൽ ഇപ്പോഴത്തെ നിലയിൽ സി ഐ ഡി അന്വേഷണം തുടരുകയാണ്. 

പഴയ വിവാദങ്ങൾ

കെ പി എസ് സിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇതാദ്യമല്ല. 1998, 1999, 2004 കാലത്തെ നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ച് പിന്നീട് സി ഐ ഡി അന്വേഷണം നടന്നിരുന്നു. 2011 ലെ 352 ഗസറ്റഡ് പ്രൊബേഷനേർസ് നിയമനത്തിലും അഴിമതി കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ നിയമന വിജ്ഞാപനം പിൻവലിച്ച് പുതിയ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. 

അതിനാൽ 2026 ലെ സംഭവങ്ങളെ ഒറ്റപ്പെട്ട ഒരു പരീക്ഷാ ക്രമക്കേടായി മാത്രം കാണാനാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പുറമെ മെറിറ്റ് പട്ടിക, OMR ഷീറ്റ്, ഉദ്യോഗാർഥികളുടെ രഹസ്യ വിവരങ്ങൾ, അഭിമുഖം, ഇടനിലക്കാരുടെ ഇടപെടൽ തുടങ്ങിയ വിവിധ ഘട്ടങ്ങളിലേക്കും അന്വേഷണം നീളുന്നതായി കാണിക്കുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് കോടതിയുടെയും അന്വേഷണത്തിന്റെയും അന്തിമ ഫലത്തെ ആശ്രയിച്ചിരിക്കും. 

ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം, വെറ്ററിനറി ഓഫീസർ നിയമനത്തിലെ ചോദ്യപേപ്പർ ചോർച്ചയും പണമിടപാടുകളും സി ഐ ഡി യും ഇഡിയും അന്വേഷിക്കുന്നു.

മുൻ കെ പി എസ് സി പരീക്ഷാ കൺട്രോളർ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാർ അറസ്റ്റിലായി അന്വേഷണം നേരിടുന്നു.
ചെയർമാൻ ശിവശങ്കരപ്പ സഹുകാർ സസ്‌പെൻഷനിലാണ്.
 കെഎഎസ് ഉൾപ്പെടെയുള്ള മറ്റു നിയമനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
എംവിഐ അധിക തിരഞ്ഞെടുപ്പ് പട്ടിക പിൻവലിച്ച് പുതിയ അന്വേഷണം ആരംഭിച്ചു.

ഹൈക്കോടതി നിർദേശിച്ച പുതിയ എസ് ഐ ടി അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയതിനാൽ നിലവിലെ സി ഐ ഡി അന്വേഷണം തന്നെയാണ് പ്രധാന അന്വേഷണ മാർഗം.

കെ പി എസ് സിയുടെ നിയമന സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ച ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. 
ചുരുക്കത്തിൽ, കെപിഎസ്‌സി യിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഗൗരവം ചോദ്യപേപ്പർ ചോർച്ചയിൽ മാത്രം അല്ല; നിയമനപ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ പണം, ഇടനിലക്കാർ, ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ എന്നിവരുടെ ബന്ധമുണ്ടായിരുന്നോ എന്ന അന്വേഷണത്തിലേക്കാണ് വിഷയം മാറിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യക്തികൾക്കെതിരായ ആരോപണങ്ങളെ അന്തിമകുറ്റമായി കാണാനാകില്ലെങ്കിലും പുറത്തുവരുന്ന വിവരങ്ങൾ നടുക്കമുളവാക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img