
ദോഹ: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള ഒത്തൊരുമ അനിവാര്യമാണെന്ന് പ്രമുഖ പ്രവാസി നേതാവ് അബ്ദു റഊഫ് കൊണ്ടോട്ടി പ്രസ്താവനയിൽ പറഞ്ഞു. പ്രവാസി സംഘടനകളും ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നായി നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസി വോട്ടവകാശം ഫലപ്രദമായി നേടിയെടുക്കുന്നതിനായി കേരള നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കണമെന്നും കേന്ദ്ര ഗവൺമെന്റുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ നാട്ടിലെത്താൻ കഴിയാത്തതിനാൽ വലിയൊരു വിഭാഗത്തിന് തങ്ങളുടെ അവകാശം വിനിയോഗിക്കാൻ സാധിക്കുന്നില്ല. ഇതിന് പരിഹാരമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെയോ മറ്റോ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.മാറിവരുന്ന ആഗോള സാഹചര്യങ്ങൾക്കും പശ്ചിമേഷ്യൻ സ്ഥിതിഗതികൾക്കും അനുസൃതമായ പ്രവാസി നയരൂപീകരണം അനിവാര്യമാണ്. പ്രവാസികളുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലായതിനാൽ, പാർലമെന്റ് സമ്മേളനങ്ങൾക്ക് മുന്നോടിയായി കേരള സർക്കാർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ പ്രവാസി പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. ഈ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ എം.പിമാർക്ക് കൃത്യമായ നിർദ്ദേശം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ആവിഷ്കരിക്കുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ അർഹരായ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഗുണഭോക്താക്കളാകാൻ പ്രവാസികളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംഘടനകൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഏറെ ഗുണകരമാകുമെന്നും അബ്ദു റഊഫ് കൊണ്ടോട്ടി വ്യക്തമാക്കി.











