05:25am 22 October 2026
NEWS
സമഗ്ര അന്വേഷണം വേണം: പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്


20/05/2026  12:41 PM IST
ചെറുകര സണ്ണിലൂക്കോസ്
സമഗ്ര അന്വേഷണം വേണം: പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്

 

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് രജിൻലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.സോനയെ സ്വന്തം മകളെപ്പോലെയാണ് തങ്ങൾ നോക്കിയതെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നും രജിൻലാലിന്‍റെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ വിവാഹജീവിതത്തിനിടയിൽ സോനയുടെ കുടുംബത്തിൽ നിന്നുള്ള ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇരുവരും തമ്മിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ല. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും ഒന്നിച്ചാണ് സിനിമയ്ക്ക് പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോന പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എന്തിനാണ് അവൾ ഇത് ചെയ്തതെന്ന് തങ്ങൾക്കും അറിയേണ്ടതുണ്ട്. അവന്റെ ഭാഗത്ത് നിന്നാണോ അവളുടെ ഭാഗത്ത് നിന്നാണോ ചെയ്തതെന്ന് അറിയണം,വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള് മൊത്തം പെട്ടേനേ'-രജിൻലാലിന്റെ പിതാവ് പറഞ്ഞു.സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വ്യക്തമായ തെളിവുകളോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യമെന്തെന്ന് പുറത്തുകൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കാറിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറിൽ നിന്നും പെട്രോൾ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തി. കാറിന്റെ പുറംഭാഗത്ത് കാര്യമായ പരിക്കുകളില്ലാത്തതും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകൾ ഇല്ലാത്തതും ആദ്യഘട്ടം മുതൽ തന്നെ പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും സോന കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ സോനയുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img