12:14am 08 June 2026
NEWS
പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി.
05/06/2026  11:11 AM IST
ചെറുകര സണ്ണിലൂക്കോസ്
പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി.

 

പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ജമീലയുടെ മകള്‍ നൗഷജയുടെ മകന്‍ റിസാലിനെ തിരഞ്ഞാണ് ഗുരുവായൂര്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. അടിപിടി കേസില്‍ ഉള്‍പ്പെട്ട റിസാല്‍ വീട്ടിലില്ല എന്ന് പറഞ്ഞിട്ടും പൊലീസ് അത് വകവെക്കാതെ വീടിനകത്ത് കയറി പരിശോധന നടത്തുകയായിരുന്നുവത്രെ. തുടര്‍ന്ന് റിസാലിന്‍റെ മുറിയില്‍ കയറിയ പൊലീസ് അലമാര തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതപ്പോഴാണ് വയോധികയോട് പൊലീസ് ക്രൂരത കാട്ടിയതെന്നു പറയുന്നു. അലമാര തുറക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ കവിളില്‍ കൂട്ടിപ്പിടിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ജമീല പറഞ്ഞു.

വീഴ്ചയുടെ ആഘാതത്തില്‍ ജമീലക്ക് പിന്നീട് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ജമീല തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് മക്കളെത്തി ഉമ്മയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയും പൊലീസുകാര്‍ വീണ്ടുമെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. പരിക്കേറ്റ ജമീലയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ തള്ളലേറ്റ് വീണതിനെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് ഇളക്കം സംഭവിച്ചിട്ടുണ്ടെന്നും മൂത്രം പോകാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നഗ്‌നമായ മനുഷ്യാവകാശ ലംഘനത്തിനും അതിക്രമത്തിനുമെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മകന്‍ നൗഷാദ് പറഞ്ഞു. എന്നാല്‍ ഇതേസമയം ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. അന്വേഷണത്തിനായി വീട്ടില്‍ ചെന്നിരുന്നു. മർദനമോ മറ്റു സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img