10:49pm 05 November 2026
NEWS
തിരമാലകളിൽ ആഡംബരത്തിന്റെ തരംഗങ്ങൾ; ഖത്തർ ബോട്ട് ഷോയുടെ മൂന്നാം പതിപ്പിന് വർണാഭമായ തുടക്കം
05/11/2026  01:06 PM IST
nila
തിരമാലകളിൽ ആഡംബരത്തിന്റെ തരംഗങ്ങൾ; ഖത്തർ ബോട്ട് ഷോയുടെ മൂന്നാം പതിപ്പിന് വർണാഭമായ തുടക്കം

 


​ദോഹ:  കാഴ്ചകളുടെ മായാലോകമൊരുക്കി ഖത്തർ ബോട്ട് ഷോയുടെ മൂന്നാം പതിപ്പിന് ഓൾഡ് ദോഹ പോർട്ടിൽ മനോഹരമായ തുടക്കം. ഓളപ്പരപ്പിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ യാച്ചുകളും, സാങ്കേതികവിദ്യയും കരകൗശലവും സമന്വയിക്കുന്ന ബോട്ടിങ് ഉപകരണങ്ങളും കടൽപ്രേമികൾക്ക് പുതിയൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ആധുനിക മത്സ്യബന്ധന ഉപകരണങ്ങളുടെയും  സാങ്കേതികവിദ്യകളുടെയും അപൂർവ ശേഖരവുമായി 'ഹുക്സ് ആൻഡ് റീൽസ്' അടക്കമുള്ള ബ്രാൻഡുകളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.
ഓളങ്ങളിൽ ഒഴുകിനടക്കുന്ന ഫ്ലോട്ടിംഗ് കഫേകളും, വാട്ടർഫ്രണ്ട് ഡൈനിംഗും യാച്ചുകളുടെ മനോഹര ദൃശ്യത്തിനൊപ്പം ആസ്വാദ്യകരമായ ഭക്ഷണാനുഭവം പകരുന്നു. രാജ്യാന്തര രുചികളുമായി 'മാർക്കറ്റ് ബൈ ജീൻ-ജോർജും' ഖത്തറിന്റെ പരമ്പരാഗത തനിമയും ആധുനിക രുചികളും സമന്വയിപ്പിച്ചുകൊണ്ട് 'ഖിൻവാൻ'  ഖത്തറി കഫേ സ്പെഷ്യാലിറ്റി കോഫിയും മധുരപലഹാരങ്ങളുമായി സന്ദർശകരെ സ്വീകരിക്കുന്നു. ഫ്ലാറ്റ് വൈറ്റ്, ഹാലോ, ജോ ആൻഡ് ദി ജ്യൂസ്, മില്ലീസ് കേക്ക് ഷോപ്പ്, ഒക്ബെറി, സാദ് ദാൽ 1923, ഫോൾഡ് ബേക്ക്ഡ് ഗുഡ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ നീണ്ടനിര തന്നെ തീരത്ത് സന്ദർശകർക്കായി സജ്ജമാണ്. കോയ, ലാ സ്പിഗ, ഷാങ്ഹായ് മി, ദബ്ല്യു കഫേ എന്നിവയും ലെ റെലൈസ് ഡി എന്ററെകോട്ടും ചേരുമ്പോൾ രുചി പ്രേമികൾക്ക് അപൂർവ അനുഭവമാകുന്നു.
ഖത്തർ ക്രിയേറ്റ്സ്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായുള്ള കൾച്ചറൽ പങ്കാളിത്തത്തോടെ, ഖത്തറിലെ ചലച്ചിത്രപ്രവർത്തകരുടെ സർഗാത്മകത വിളിച്ചോതുന്ന ചലച്ചിത്ര പ്രദർശനങ്ങൾ എല്ലാ ദിവസവും മേളയുടെ ഭാഗമായി അരങ്ങേറുന്നു. കടൽക്കാറ്റിൽ ചലച്ചിത്ര കലയുടെ സൗന്ദര്യം കൂടി ഇഴചേരുമ്പോൾ ബോട്ട് ഷോ ഒരു സാംസ്കാരിക കൂട്ടായ്മയായി മാറുന്നു.
സൂര്യനസ്തമിക്കുന്നതോടെ ഓൾഡ് ദോഹ പോർട്ടിന്റെ ആകാശം വർണശബളമായ വെടിക്കെട്ടുകളാലും ഡ്രോൺ ദൃശ്യങ്ങളാലും പ്രകാശപൂരിതമാകുന്നു. സായാഹ്നങ്ങളെ മായാജാലമാക്കുന്ന ഈ വെളിച്ചച്ചാർത്തുകൾ ഖത്തർ ബോട്ട് ഷോയുടെ രാവുകളെ അവിസ്മരണീയമാക്കുന്നു.വൈകുന്നേരം 4 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.വ്യാഴം (നവംബർ 5), വെള്ളി (നവംബർ 6) ദിവസങ്ങളിൽ രാത്രി 10:00 മണി വരെ സന്ദർശകർക്കായി പ്രദർശനം നീളും.സമാപന ദിവസമായ നവംബർ 7 ന് രാത്രി 9:00 വരെയാണ് സന്ദർശനസമയം.പൊതുജനങ്ങൾക്ക് ഒരു ദിവസത്തെ പ്രവേശനത്തിനായി 50 ഖത്തറി റിയാലിന്റെ ജനറൽ ടിക്കറ്റുകൾ ലഭ്യമാണ്. നാല് ദിവസവും പ്രദർശനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി 160 റിയാലിന്റെ പ്രത്യേക പാസും ഒരുക്കിയിട്ടുണ്ട്.
​കൂടാതെ, കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി പാസിന് പ്രതിദിനം 450 ഖത്തറി റിയാലാണ് നിരക്ക്.450 റിയാലിന്റെ ഹോസ്പിറ്റാലിറ്റി പാസ് സ്വന്തമാക്കുന്നവർക്ക് 'ദി നെഡ് ദോഹ' സജ്ജമാക്കിയ പ്രത്യേക വി.ഐ.പി ലോഞ്ചിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ വി.ഐ.പി രജിസ്ട്രേഷൻ, പ്രത്യേക വാഹനം പാർക്കിംഗ് എന്നീ സൗകര്യങ്ങളും ഈ പാസിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img