
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫ് (33) എന്നയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്പറമ്പിലെ ഒരു സൂപ്പർമാർക്കറ്റിൽ കോഴിമുട്ട വാങ്ങുന്നതിനിടെയാണ് ഫൈസലും ലത്തീഫും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും സംഘർഷത്തിനിടെ ഫൈസൽ റോഡിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ ഫൈസലിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. തർക്കത്തിന് കാരണമായ സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുകയാണെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.










