01:52pm 25 August 2026
NEWS
വഡോദരയിൽനിന്ന് മുംബൈയിലേക്ക് കടത്തിയ 977 ഗ്രാം മയക്കുമരുന്ന് പിടികൂടി; മുൻ എയർഹോസ്റ്റസ് അറസ്റ്റിൽ
25/08/2026  12:03 PM IST
NILA
വഡോദരയിൽനിന്ന് മുംബൈയിലേക്ക് കടത്തിയ 977 ഗ്രാം എംഡി പിടികൂടി; മുൻ എയർഹോസ്റ്റസ് അറസ്റ്റിൽ

 

ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി (മെഫെഡ്രോൺ) മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മുൻ എയർഹോസ്റ്റസും സഹായിയും അറസ്റ്റിലായി. മാൻസി സയീദ് (41), സഹായി സുഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് മാൻസിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ വൻതോതിൽ എംഡി കടത്തുന്നതായി സൂറത്ത് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം സംശയാസ്പദമായ കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് 977 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും നിരവധി മൊബൈൽ ഫോണുകളും കാറിൽനിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ മുംബൈയിൽനിന്ന് കാർ വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് ശേഖരിക്കാൻ വഡോദരയിലെത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

വഡോദര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരു സ്ത്രീയിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് മൊഴി. മുംബൈയിലെത്തിച്ച ശേഷം അഞ്ച് മുതൽ 10 ഗ്രാം വരെയുള്ള ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു രീതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും മുംബൈയിലെ സാന്താക്രൂസിൽ താമസിക്കുന്നവരും വർഷങ്ങളായി പരസ്പരം പരിചയമുള്ളവരുമാണ്.

മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന മുൻ എയർഹോസ്റ്റസാണ് മാൻസി. ജോലിയുടെ ഭാഗമായി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഇവർ 2015 മുതൽ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 2021ൽ മധ്യപ്രദേശിലെ ഇൻഡോറിൽ മയക്കുമരുന്നുമായി അറസ്റ്റിലായ മാൻസി നാല് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്നു.

2021ലെ കേസിന്റെ അന്വേഷണത്തിനിടെയാണ് മധ്യപ്രദേശിലെ വിവിധ മേഖലകളിലെ ലഹരി വിതരണ ശൃംഖലകളുമായി മാൻസിക്കുള്ള ബന്ധം പുറത്തുവന്നത്. ഇപ്പോഴത്തെ കേസിൽ പ്രതികൾക്ക് മയക്കുമരുന്ന് കൈമാറിയതായി പറയുന്ന സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img