05:16am 25 August 2026
NEWS
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിലെ 950 പേർ
25/06/2025  02:14 PM IST
nila
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിലെ 950 പേർ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അപായപ്പെടുത്താൻ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് 950 പേർ. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 'ഹിറ്റ്ലിസ്റ്റ്' സംബന്ധിച്ച വിവരങ്ങളുള്ളത്. ഈ ഹിറ്റ്ലിസ്റ്റിന് പിന്നിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു. ആക്രമണം സംഘടിപ്പിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം അടക്കം നൽകിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ സിറാജുദ്ദിന്റെ പക്കൽ നിന്ന് 240 പേരുടെ പട്ടികയാണ് പിടിച്ചെടുത്തതെന്നാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. ആലുവ പെരിയാർ വാലിയിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് അഞ്ചുപേരുടെ പട്ടികയും എൻഐഎയ്ക്ക് ലഭിച്ചു. ഇതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണ്. കേസിലെ 69-ാം പ്രതിയായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. മറ്റൊരു പ്രതിയുടെ പക്കൽ നിന്ന് 230 പേരുടെ പട്ടിക ലഭിച്ചതായും എൻഐഎ പറയുന്നു.

എൻഐഎ അന്വേഷിക്കുന്ന കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങളുള്ളത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്. പാലക്കാട് ശ്രീനിവാസൻ വധക്കേസും, ഒരു റെയ്ഡുമായി ബന്ധപ്പെട്ട കേസുകളാണവ. ഈ രണ്ട് കേസുകളും എൻഐഎ ഒരുമിച്ചാണ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img