
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ നെഞ്ചിനും തലയ്ക്കും ഏറ്റ ഗുരുതര ക്ഷതങ്ങളും അതിനെ തുടർന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ കണ്ടെത്തിയതായും ഒരു വാരിയെല്ല് പൊട്ടിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിലും ദുരൂഹത നിലനിൽക്കുകയാണ്. പടിയിൽ നിന്ന് വീണതിനെ തുടർന്നാണ് കൈയ്ക്ക് പരിക്കേറ്റതെന്നായിരുന്നു അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ വിശദീകരണത്തിൽ സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതി അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം, എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പൊലീസ് നീക്കം തുടങ്ങി. കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താനാണ് തീരുമാനം.
അഖിലയുമായി ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി തടസമായിരുന്നുവെന്ന് അഷ്കർ അന്വേഷണസംഘത്തോട് മൊഴി നൽകിയതായാണ് വിവരം. കുട്ടി നിരന്തരം പീഡനത്തിനിരയാകുന്ന കാര്യം അഖിലയ്ക്ക് അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ഇതിനിടെ, അഷ്കറിന്റെ മുൻകാല ജീവിതവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളും അന്വേഷണവിധേയമാക്കുകയാണ് പൊലീസ്. ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദിച്ച് ഗുരുതരാവസ്ഥയിലാക്കിയെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ ആമിന മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.
കൂടാതെ, ആമിനയുടെ സഹോദരന്റെ ദുരൂഹ മുങ്ങിമരണത്തിലും അഷ്കറുമായി വിവാഹനിശ്ചയം നടന്നിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടോയെന്ന സംശയവും കുടുംബാംഗങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
ഒന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ അഷ്കറിനെതിരെ കൂടുതൽ ഗുരുതര സംശയങ്ങൾക്ക് വഴിവെക്കുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് കുഞ്ഞിനോട് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.










