
തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടിൽ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.
ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്ഐടി ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകി. കത്ത് സർക്കാർ പി എസ് സിക്ക് കൈമാറും. പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
മൂല്യനിർണയ ചുമതല ഈ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. എന്നാൽ സാങ്കേതിക പിഴവിനെ തുടർന്നാണ് ഒൻപത് ചോദ്യങ്ങൾ പരിശോധിക്കാതെ പോയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
വീഴ്ചയെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരീക്ഷാ ക്രമക്കേടിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.











