03:01pm 03 November 2026
NEWS
9 പുതിയ കപ്പലുകൾക്ക് പേരിട്ടു: സമുദ്ര കപ്പൽവ്യൂഹം വികസിപ്പിച്ച് 'നാഖിലാത്'
03/11/2026  12:39 PM IST
nila
9 പുതിയ കപ്പലുകൾക്ക് പേരിട്ടു: സമുദ്ര കപ്പൽവ്യൂഹം വികസിപ്പിച്ച് നാഖിലാത്

 


​ദോഹ: ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ 'നാഖിലാത്' (Nakilat) തങ്ങളുടെ സമുദ്ര കപ്പൽവ്യൂഹം (Fleet) വികസിപ്പിക്കുന്നതിന്റെ ഭാഗമായി 9 പുതിയ കപ്പലുകൾക്ക് കൂടി പേരിട്ടു. ദക്ഷിണ കൊറിയയിലെ എച്ച്.ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹാൻവ ഓഷ്യൻ, എച്ച്.ഡി ഹ്യുണ്ടായ് സാംഹോ എന്നീ കപ്പൽ നിർമ്മാണ ശാലകളിൽ വെച്ചാണ് കപ്പലുകളുടെ നാമകരണ ചടങ്ങ് നടന്നത്.
​കമ്പനിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണം കാര്യക്ഷമമാക്കുന്നതിനുമുള്ള ദീർഘകാല തന്ത്രപ്രധാന നീക്കത്തിന്റെ ഭാഗമാണിത്.പുതിയതായി പേരിട്ട 9 കപ്പലുകളിൽ 7 എണ്ണവും ദ്രവീകൃത പ്രകൃതിവാതക (LNG) ഗതാഗതത്തിനുള്ളവയാണ്. അൽ ഖുവൈർ, അൽ ഗാസിയ, അൽ മർസം, മഖ്ദാം, അൽ നുസ്രാനിയ, എനർജി ഫ്യൂച്ചർ, എനർജി ഫോയേജർ എന്നിവയാണ് ഈ എൽ.എൻ.ജി കപ്പലുകൾ.ശേഷിക്കുന്ന രണ്ട് കപ്പലുകൾ ദ്രവീകൃത പെട്രോളിയം വാതകവും (LPG) അമോണിയയും കൊണ്ടുപോകുന്നതിനുള്ള ഭീമൻ കാരിയറുകളാണ് (VLAC). എനർജി സൗത്ത്, എനർജി ഈസ്റ്റ് എന്നിവയാണ് ഇവയുടെ പേരുകൾ.
ഹാൻവ ഓഷ്യൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച 6 എൽ.എൻ.ജി കപ്പലുകൾ പൂർണ്ണമായും നാഖിലാതിന്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലുമായിരിക്കും പ്രവർത്തിക്കുക. ഇവ ഖത്തർ എനർജിയുടെ കമ്പനികൾക്ക് ദീർഘകാല ചാർട്ടർ വ്യവസ്ഥയിൽ നൽകും.
​നോർത്ത് ഫീൽഡ് വികസന പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആഗോള എൽ.എൻ.ജി ഗതാഗത വിപണിയിൽ ഖത്തറിന്റെ മുൻനിര സ്ഥാനം നിലനിർത്തുന്നതിനും ഈ പുതിയ കപ്പലുകൾ വലിയ പങ്കുവഹിക്കുമെന്ന് നാഖിലാത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുല്ല അൽ സുലൈത്തി വ്യക്തമാക്കി. സുരക്ഷയിലും ഗുണനിലവാരത്തിലും മികച്ച നിലവാരം പുലർത്തിക്കൊണ്ടാണ് പുതിയ കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img