02:55am 28 October 2026
NEWS

മലപ്പുറത്ത് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

18/06/2025  07:51 AM IST
nila
 മലപ്പുറത്ത് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

മലപ്പുറം തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നരലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തമിഴ്നാട് സ്വദേശിനിയുടെ കുഞ്ഞിനെയാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട്  കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കീർത്തനയുടെ ആദ്യഭർത്താവിലെ കുട്ടിയെയാണ് വിറ്റത്. 

അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പെൺകുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് ഇവർ കുഞ്ഞിനെ കൈമാറിയതെന്നാണ് ലഭ്യമാകുന്ന വിവരം. മൂന്നു ലക്ഷം രൂപയാണ്  കുഞ്ഞിനെ വിൽക്കാൻ ഇവർ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളാണ് കീർത്തനയും ശിവയും. ഇവർ തിരൂരിലുളള വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. 

അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോൾ മാതാപിതാക്കൾ വ്യക്തമായ ഉത്തരം നൽകിയില്ല. അതോടെ അയൽക്കാരാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന വിവരം ഇവർ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img