
കൊച്ചി: മുൻഗണനാ റേഷൻ കാർഡിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കേരളത്തിൽ 86,000 പേരെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയത്. ഇവരെ മുൻഗണനാ റേഷൻ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു മുൻഗണനാ റേഷൻ കാർഡുള്ള കുടുംബത്തിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നുണ്ടെങ്കിൽ ആ കുടുംബത്തിന് മുൻഗണനാ ആനുകൂല്യത്തിന് അർഹതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് പരിശോധനയ്ക്കും തുടർനടപടികൾക്കുമായി കൈമാറിയിട്ടുണ്ട്.
ഇതിനുപുറമെ, പി.എം. കിസാൻ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുകയും ഒരേക്കറിലധികം ഭൂമി കൈവശം വയ്ക്കുകയും ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അർഹതാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്നവരെയും മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കും.
ജിഎസ്ടി രജിസ്ട്രേഷൻ നേടിയവരും കമ്പനികൾ രജിസ്റ്റർ ചെയ്തവരുമായ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളെയും പ്രത്യേകമായി കണ്ടെത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അനർഹരാണെന്ന് സ്ഥിരീകരിക്കുന്നവർ ഇതുവരെ സൗജന്യമായി വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വില പിഴയായി അടയ്‌ക്കേണ്ടിവരും. അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയുമാണ് ഈടാക്കുക.
റേഷൻ കാർഡ്, പാൻ കാർഡ് എന്നിവയുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ ഉപയോഗിച്ച് എ.ഐ. അധിഷ്ഠിത പരിശോധനാ സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തിയത്. ആദായനികുതി റിട്ടേൺ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വഴി സംസ്ഥാനങ്ങൾക്ക് തത്സമയം ലഭ്യമാക്കുന്ന സംവിധാനമാണ് കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്. പരിശോധന തുടരുന്നതിനാൽ വരും ദിവസങ്ങളിൽ അനർഹരുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.










