01:11am 16 October 2026
NEWS
കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ, കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവ്
14/10/2026  09:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ, കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവ്
HIGHLIGHTS

സിഎംഎഫ്ആർഐയുടെ എസ്ടിഐ ഹബ് ഗുണഭോക്താവായ ശുഭ എൽ എസ് ഏഴിക്കരയിലെ കൂടുമത്സ്യ കൃഷി യൂണിറ്റിന് സമീപം

കൊച്ചി: കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യം വളർത്തൽ, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ തീരദേശ വനിതകളെ സംരംഭകരാകാൻ സഹായിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളളി ഇന്നൊവേഷൻ (എസ്ടിഐ) ഹബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിലെ എട്ട് ജില്ലകളിലായി 84 മൈക്രോ സംരംഭങ്ങളാണ് ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും.

ഈ പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 469 പേർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. കൂടാതെ ഏകദേശം 2,500 പേർക്ക് പരോക്ഷമായ നേട്ടങ്ങളും പദ്ധതിവഴി ലഭിച്ചുവരുന്നു. 

പദ്ധതിയുടെ അവലോകനമനുസരിച്ച്  ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് എസ് ടി ഐ ഹബിന് നേതൃത്വം നൽകുന്ന ഡോ. വിപിൻ കുമാർ വി. പി. പറഞ്ഞു. സാങ്കേതിക മികവും സംരംഭകശേഷിയും മെച്ചപ്പെടുത്തുന്നതിനായി  എസ്ടിഐ ഹബ്ബിന്റെ കീഴിൽ 141 പരിശീലന പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു. 

കൂടുമത്സ്യ കൃഷി, കരിമീൻ വിത്തുത്പാദനം, അലങ്കാര മത്സ്യകൃഷി, സംയോജിത മത്സ്യകൃഷി, കല്ലുമ്മേക്കായ - കടൽ മുരിങ്ങ കൃഷി, മൂല്യവർദ്ധിത മത്സ്യോൽപന്ന യൂണിറ്റുകൾ, മീൻ വിൽപ്പന, ഉണക്കമീൻ ഉൽ്പാദന യൂണിറ്റുകൾ തുടങ്ങിയ വിവിധ മേഖലകളിലാണ് സംരംഭങ്ങൾ. മത്സ്യക്കൂട് നിർമ്മാണം, അക്വേറിയം ബിസിനസ്, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് വിതരണം തുടങ്ങിയ മേഖലകളിൽ പ്രഫഷണലുകളായി മാറിയവരുമുണ്ട്. 

പരമ്പരാഗത തൊഴിൽ മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, മത്സ്യമേഖലയിലെ വിവിധരംഗങ്ങളിൽ ഉത്പാദകരും സേവന ദാതാക്കളും ബിസിനസ്  ഉടമകളുമായി മാറാൻ ഈ പദ്ധതി സ്ത്രീകളെ സഹായിച്ചതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. 

സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ,  കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹായത്തോടെ സാങ്കേതിക കൈമാറ്റം, പരിശീലനം, സംരംഭകത്വ മാർഗ്ഗനിർദ്ദേശം, വിപണി സൗകര്യമൊരുക്കൽ എന്നിവ ചെയ്ത് വരുന്നുണ്ട്.  

കുറഞ്ഞ വരുമാനവും പരിമിതമായ തൊഴിൽ അവസരങ്ങളിലുമായി ജീവിക്കുന്ന തീരദേശ ജനതയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.  

വനിതാ കർഷദിനമായ ഇന്ന് (വ്യാഴം) ദേശീയ കർഷക പുരസ്‌കാര ജേതാവും സിഎംഎഫ്ആർഐ പദ്ധതിയുടെ ഗുണഭോക്താവുമായ ഡോ.  അഖിലമോളുടെ കൊടുങ്ങല്ലൂരിലെ മത്സ്യഫാമിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. വനിതാ സംരംഭകരുടെ അനുഭവങ്ങളും വിജയഗാഥകളും ചടങ്ങിൽ പങ്കുവെക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img