
ദോഹ : ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അശ്ഘാൽ) വടക്കൻ പ്രദേശങ്ങളിലെ റോഡ് നവീകരണ പദ്ധതികൾ പൂർത്തീകരിച്ചു.അൽ ഷമാൽ മുതൽ ഫുവൈറിത് വരെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലുടനീളം താത്കാലികവും സ്ഥിരവുമായ റോഡുകൾ നിർമ്മിച്ച്, സുരക്ഷാ സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ നെറ്റ്വർക്കുകൾ, സൗന്ദര്യവൽക്കരണം, കാൽനടപാതകൾ, സൈക്കിൾ പാതകൾ എന്നിവ ഒരുക്കുന്ന പദ്ധതിയാണ്പൂർത്തീകരിച്ചത്.പദ്ധതിയുടെ ഭാഗമായി 84 കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ നിർമ്മിക്കുകയും 746 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും 22,600-ത്തിലധികം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഇതോടൊപ്പം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന ജോലികളും പൂർത്തിയായി.
ഉംം സ്ലാൽ മുഹമ്മദ്, ബു ഫസ്സീല മേഖലകളിൽ റോഡുകൾ നിർമ്മിക്കുകയും ദർബ് അൽ സായി പ്രദേശത്തേക്കുള്ള ആക്സസ് റോഡുകളും 2,391 പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുകയും ചെയ്തതായി എഞ്ചിനീയർ സഈദ് അൽ മാൽക്കി വ്യക്തമാക്കി.
നേവൽ അക്കാദമി, ഫുവൈറിത് റിസോർട്ടുകൾ, അൽ ഷമാൽ സർവീസ് സെന്റർ, ഫിഷ് ഫാം, അൽ അൻഡലൂസ് എജ്യുക്കേഷണൽ കോംപ്ലക്സ് (റൗദത്ത് അൽ ഹമാമ), അൽ കാബാൻ സിറ്റി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി റോഡുകളും സർവീസ് റോഡുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.
ഇതിലൂടെ അൽ മജ്‌ദ് റോഡും അൽ ഖോർ റോഡും തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമായതായി അശ്ഘാൽ അറിയിച്ചു. അതോടൊപ്പം അറബ് ലീഗ് സ്ട്രീറ്റിലെ രണ്ട് ഭാഗങ്ങളിൽ സർവീസ് റോഡുകൾ, പാണ്ട ഹൗസ് മേഖലയിൽ പുതിയ കണക്റ്റിങ് റോഡുകളും സജ്ജമായി.











