02:34am 04 October 2026
NEWS
80 വയസുള്ള പാസ്റ്റർ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ലൈം​ഗിക പീഡനത്തിനിരയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന
03/10/2026  09:03 PM IST
nila
80 വയസുള്ള പാസ്റ്റർ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ലൈം​ഗിക പീഡനത്തിനിരയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന

80 വയസുള്ള പാസ്റ്റർ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തി ആക്റ്റിവിസ്റ്റ് ദിയ സന. ദിയ സനയുടെ സുഹൃത്തിന്റെ മകളാണ് ഒരു വർഷത്തോളം പീഡനത്തിനിരയായത്. സംഭവം അറിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ അമ്മ പാസ്റ്ററെ കുത്തിയെന്നും അയാൾ ഇപ്പോൾ ആശുപത്രിയിലും കുഞ്ഞിന്റെ അമ്മ ജയിലിലുമാണെന്നും ദിയ സന വ്യക്തമാക്കി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

ദിയ സനയുടെ വാക്കുകൾ


ഞാൻ വല്ലാത്തൊരു വൈകാരിക അവസ്ഥയിൽ നിന്നാണ് സംസാരിക്കുന്നത്. വളരെ ഗൗരവമുള്ളൊരു വിഷയമാണ് ഇത്. മിനിഞ്ഞാന്ന് രാത്രി പത്തേമുക്കാലോടെ എന്റെ കൂട്ടുകാരി എന്നെ വിളിച്ച് ഉടൻ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ തന്റെ കുഞ്ഞിനെ ആരോ പീഡിപ്പിച്ചു എന്നാണ് അവൾ പറഞ്ഞത്. ഇത് കേട്ട് ഞാൻ വല്ലാതെ പരിഭ്രാന്തയായി. പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

പെട്ടെന്ന് കേട്ടപ്പോൾ തളർന്നുപോയെങ്കിലും ഞാൻ മറ്റൊരു സുഹൃത്തിനെ വിളിച്ച് അവളുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ വിവരം പറഞ്ഞു. അവരും വല്ലാതെ പരിഭ്രാന്തരായി. ഞങ്ങൾ വേഗത്തിൽ അവളുടെ വീട്ടിലെത്തി. പൊലീസിൽ വിവരമറിയിക്കുന്നതിനെ കുറിച്ചും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിനിടയിൽ, അവൾ പെട്ടെന്ന് അവിടെനിന്ന് ഓടിപ്പോയി. തൊട്ടടുത്ത വീട്ടിലായിരുന്നു ആയാൾ താമസം. അവളുടെ സഹോദരനും എന്റെ സുഹൃത്തും അവളുടെ പിന്നാലെ ഓടി. എനിക്ക് പെട്ടെന്ന് അങ്ങോട്ട് എത്താൻ കഴിഞ്ഞില്ല.


ഇതെല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സംഭവിച്ചത്. അവൾ ചെന്ന് ബെല്ലടിച്ചപ്പോൾ അയാൾ വാതിൽ തുറന്നു. എന്നാൽ അവളെ കണ്ടതും അയാൾ വാതിൽ അടയ്ക്കാൻ ശ്രമിച്ചു. അവൾ വാതിൽ തള്ളിത്തുറന്ന് അയാളെ കയ്യിലിരുന്ന കത്തികൊണ്ട് രണ്ടു മൂന്നു തവണ കുത്തി. അവൾ തിരികെ വരുമ്പോഴാണ് ഞാൻ അവിടെയെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. "എന്താ പ്രശ്നം?" എന്ന് ചോദിച്ചപ്പോൾ "അത് ഞാൻ ചെയ്തു" എന്നാണ് അവൾ പറഞ്ഞത്. എനിക്ക് ആകെ തളർച്ച തോന്നി. വീട്ടിലുണ്ടായിരുന്ന കത്തി എടുത്തുകൊണ്ടുപോയി ചെയ്തതാണെന്ന് തോന്നുന്നു. മുൻപ് പല ആരോഗ്യപ്രശ്നങ്ങളും കാരണം ആറു ഏഴു മാസമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ഒരു സ്ത്രീയാണവൾ. ആ അവസ്ഥയിൽ നിൽക്കുമ്പോഴാണ് കുഞ്ഞിന്റെ കാര്യം അറിയുന്നതും പ്രതികരിക്കുന്നതും.

ഏതാണ്ട് ഒരു വർഷത്തോളമായി അയാൾ ആ കുഞ്ഞിനോട് ഇത്തരം ക്രൂരതകൾ കാണിക്കുന്നുണ്ടായിരുന്നു എന്നാണ് അവൾ പറയുന്നത്. കുഞ്ഞിന് മൂത്രനാളത്തിൽ അണുബാധ ഉണ്ടായപ്പോൾ പരിശോധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഒരു കുഞ്ഞിന് ഇത്തരം അനുഭവം ഉണ്ടായെന്നറിയുമ്പോൾ ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന വൈകാരിക തളർച്ചയും ദേഷ്യവുമാണ് അവളിലും ഉണ്ടായത്.

അയാൾ മരണപ്പെട്ടിട്ടില്ല, സുഖം പ്രാപിച്ചുവരുന്നു എന്നാണ് വിവരം. പൊലീസുകാർ അയാൾക്കെതിരെ കുട്ടികൾക്കെതിരായ പോക്സോ കേസും, അവൾക്കെതിരെ ആക്രമണം നടത്തിയതിനും കേസ് എടുത്തു. അവൾ ഇപ്പോൾ കസ്റ്റഡിയിലാണ്. ആരോഗ്യപരമായി വളരെ ബലഹീനയായ അവളുടെ ജാമ്യത്തിനായി ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. അവൾ ജയിലിലേക്ക് പോയതിൽ ഞങ്ങൾക്ക് വലിയ വിഷമമുണ്ട്.

എല്ലാവരും സ്വന്തം മക്കളെ വളരെ ശ്രദ്ധയോടെ സൂക്ഷിക്കണം. അത്രയും സംരക്ഷിച്ചാണ് അവളും മകളെ വളർത്തിയത്. എന്നാൽ എപ്പോൾ എങ്ങനെയെന്നാണ് ഇത്തരം നീചന്മാരായ മനുഷ്യർ ഉപദ്രവിക്കുന്നത് എന്ന് പറയാൻ കഴിയില്ല. 80 വയസ്സുള്ള, ഒരു പാസ്റ്ററായ വ്യക്തിയാണ് ഇത് ചെയ്തത് എന്നത് ഏറെ ഞെട്ടിക്കുന്നതാണ്. ആ കുഞ്ഞിന്റെയും അവളുടേയും മാനസികാവസ്ഥ വിവരണാതീതമാണ്. റംബുട്ടാനും മിഠായികളും നൽകാം എന്ന് പറഞ്ഞാണ് അയാൾ കുട്ടികളെ ആകർഷിച്ചിരുന്നത്. ഈ കാലഘട്ടത്തിലും ഇത്തരം കാര്യങ്ങൾ കാണിച്ചു കുട്ടികളെ പീഡിപ്പിക്കുന്നു എന്നത് നടുക്കുന്ന ഒന്നാണ്.

നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഒരു അമ്മയുടെ ആ നിമിഷത്തെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതാണ്. സത്യസന്ധമായ കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കാനാണ് ഞാൻ ഇത് പങ്കുവെച്ചത്. ആ കുഞ്ഞിനും അമ്മയ്ക്കും ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img