
തൃശൂർ: കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമിത വേഗത്തിൽ എത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് ആദ്യം അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടവിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
നിർമാണം പുരോഗമിക്കുന്ന ദേശീയപാതാ ഭാഗത്താണ് അപകടമുണ്ടായത്. അപകടസമയത്ത് റോഡരികിൽ മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.










