
കൊച്ചി: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി വെള്ളിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അഡ്മിനിസ്ട്രേറ്റിവ് ഓഫീസിനു മുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇന്ത്യക്കാർ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ച ഡോ. ബുഷിരി കുസാറ്റിന്റെ ശാസ്ത്ര-അക്കാദമിക സമൂഹത്തോട് ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. "രാജ്യം നേരിടുന്ന സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കണം നമ്മളോരോരുത്തരും. കാലാവസ്ഥാ വ്യതിയാനം മുതൽ സാമ്പത്തിക അസമത്വം വരെയുള്ള വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ദേശസ്നേഹികളെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്," അദ്ദേഹം പറഞ്ഞു.
സർവകലാശാലയിലെ വകുപ്പ് മേധാവികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google








