10:19pm 31 October 2025
NEWS
77-ാം സ്ഥാപകദിനം: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
31/01/2024  09:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
77-ാം സ്ഥാപകദിനം: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സിഎംഎഫ്ആർഐ തുറന്നിടും 

കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വെള്ളിയാഴ്ച (ഫെബ്രു 2) പൊതുജനങ്ങൾക്കായി തുറന്നിടും. സിഎംഎഫ്ആർഐയുടെ 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തുന്നത്.

വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, കടൽജൈവവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം എന്നിവ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

ഏറ്റവും മത്സ്യമായ തിമിംഗല സ്രാവ,് കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.

കടലിൽ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ, ചെമ്മീൻ-ഞണ്ട്-കക്കവർഗ്ഗയിനങ്ങൾ, സൂക്ഷ്മ ആൽഗകൾ, കടലിനടിയിലെ മുത്തുകൾ, കടൽകൃഷിയുമായി ബന്ധപ്പെട്ട നൂതനരീതികൾ, കണ്ടൽതൈകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. കാഴ്ചകൾക്കൊപ്പം അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാനും അവസരമുണ്ടാകും. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും. രാവിലെ 10 മുതൽ 4 വരെയാണ് ഓപൺ ഹൗസിന്റെ സമയം. പ്രവേശനം സൗജന്യമാണ്.

സമുദ്രമത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെ കുറിച്ചും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഓപ്പൺ ഹൗസിലൂടെ സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img