
ജനസംഖ്യാവർധനവും വാഹനപെരുപ്പവും മൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ബംഗളുരു. മെട്രോട്രെയിൻ സംവിധാനം ആശ്വാസമാണെങ്കിലും റോഡ് ഗതാഗതത്തിലെ തിരക്കിന് കുറവില്ല. സബ് അർബ്ബൻ റെയിൽവെ പദ്ധതി ധൃതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അതിന് പുറമെയാണ് ഭൂഗർഭ റോഡ് ഗതാഗതപദ്ധതിയുമായി ബംഗളുരു നഗരത്തിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നോട്ടുപോകുന്നത്. എന്നാൽ ഈ പദ്ധതിയ്ക്ക് ഗതാഗത വിദഗ്ധരിൽ നിന്നും നഗരവാസികളിൽ നിന്നും ശക്തമായ എതിർപ്പുണ്ട്. മെട്രോ നിരക്ക് അമിതമായി വർധിപ്പിച്ചതോടെ ഒരുവിഭാഗം യാത്രക്കാർ വീണ്ടും ബസ്സുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് യാത്ര സൗജന്യമായതിനാൽ ബസ്സുകളിൽ വലിയ തിരക്കാണ്. ബംഗളുരു മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി ) 6500 ബസ്സുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. അതിൽ 1300 നോൺ എ സി ഇ -ബസ്സുകളാണ്. 320 എ സി ഇ -ബസ്സുകൾക്ക് ബി എം ടി സി ഓർഡർ നൽകിയിട്ടുമുണ്ട്. കേന്ദ്രത്തിന്റെ പി എം ഇ-ബസ്സ് പദ്ധതി പ്രകാരം ഏഴായിരം പുതിയ മോഡൽ ഇ- ബസ്സുകൾ ബിഎംടിസിയ്ക്ക് ലഭിക്കും. നാല്പത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങൾക്കാണ് ഇ-ബസ്സുകൾ നൽകുന്നത്. ബംഗളുരുവിന് 7000 ബസ്സുകൾ ലഭിക്കുമ്പോൾ 2800 ബസ്സുകളാണ് ഹൈദരബാദിന് അനുവദിച്ചിട്ടുള്ളത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, പൂനെ എന്നിവയാണ് ഇ-ബസ്സുകൾ ലഭിക്കുന്ന മറ്റുനഗരങ്ങൾ. ആകെ 14028 ബസ്സുകൾക്ക് 4391 കോടിയാണ് കേന്ദ്രം സബ്‌സിഡി നൽകുന്നത്.ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ നിർമ്മാതാവിന് ഇത്ര രൂപ എന്ന നിരക്കിൽ നേരിട്ട് ലഭ്യമാകുന്ന വിധത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ ഏറ്റവും കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്നത് ഡൽഹിയിലാണ്, 8000.രണ്ടാം സ്ഥാനത്താണ് ബംഗളുരു. ബിഎംടിസിയിൽ നിലവിലുള്ള നിയമപ്രകാരം 11 ലക്ഷം കിലോമീറ്റർ സർവീസ് നടത്തുകയോ പതിനഞ്ചു വർഷം പഴക്കമുള്ളതോ ആയ ബസ്സുകൾ പിൻവലിക്കേണ്ടതുണ്ട്. ഈ ബസ്സുകൾ സ്ക്രാപ്പിലേക്കാണ് പോവുക. അതുപ്രകാരം നിലവിലെ 6500 ബസ്സുകളിൽ പത്തുശതമാനത്തോളം വർഷന്തോറും പിൻവലിക്കേണ്ടി വരും. പുതിയ 7000 ബസ്സുകൾ കൂടി റോഡിലിറങ്ങുന്നതോടെ ഏറ്റവും കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്ന നഗരമായി ബംഗളുരു മാറും. മറ്റെന്തൊക്കെ ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കിയാലും ബംഗളുരു നഗരയാത്രയ്ക്ക് 10000-12000 ബസ്സുകൾ വേണ്ടിവരുമെന്നാണ് ഗതാഗത വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Photo Courtesy - Google











