
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവ്. തടവുശിക്ഷക്ക് പുറമേ പ്രതി 25,000 രൂപ പിഴയൊടുക്കണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ ശിക്ഷാവിധിയിൽ പറയുന്നു. പെൺകുട്ടിയുടെ അമ്മയെ കുറ്റവിമുക്തയാക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായിരുന്നു പെൺകുട്ടിയുടെ അമ്മ. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്ന പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി മൊഴിനൽകാത്തതിനാലാണ് കുറ്റവിമുക്തയാക്കിയത്.
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലരാമപുരത്തെ വീട്ടിൽ കട്ടിലിൽ കിടക്കവേ പ്രതി മുറിക്കുള്ളിൽ കയറി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കാട്ടിൽ ഒളിച്ചിരുന്നു.
പിന്നാലെ ചെന്ന പ്രതി കാട്ടിലെത്തി കുട്ടിയെ അടിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കുട്ടിയുടെ അമ്മ വന്നപ്പോഴും വിവരങ്ങൾ ചോദിക്കാതെ കുട്ടിയെ അടിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. അടുത്ത ദിവസം ബന്ധുക്കളെത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബന്ധുക്കൾ ഇടപ്പെട്ടിട്ടാണ് പോൊലീസിൽ വിവരം അറിയിച്ചത്. ഇതിനുമുമ്പും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി.










