12:14am 18 January 2026
NEWS
സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ 7 ചിത്രങ്ങൾ
11/12/2025  02:33 PM IST
Nasar
സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ഇന്ത്യൻ സിനിമ നൗ - വിഭാഗത്തിൽ 7 ചിത്രങ്ങൾ


തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ പ്രേമികൾക്കായി  ‘ഇന്ത്യൻ സിനിമ നൗ’ എന്ന വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനം ചെയ്ത ഡോണ്ട് ടെൽ മദർ, രവിശങ്കർ കൗശിക്കിന്റെ ഫ്ലെയിംസ്, തനിഷ്ഠ ചാറ്റർജിയുടെ ഫുൾ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാർത്ത് ആൻഡ് ഹോം, ഇഷാൻ ഘോഷിന്റെ മിറാഷ്, അനുപർണ റോയ് സംവിധാനം ചെയ്ത സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഡോണ്ട് ടെൽ മദർ, 1990-കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണിത്.
ഹരിയാനയിലെ വർഗീയകലാപത്തിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തൻ്റെ മകൻ്റെ രക്ഷക്കായി നാടുവിടാൻ നിർബന്ധിതനാകുന്ന മഹേഷ് എന്ന മൂകനായ കൃഷിക്കാരന്റെ കഥ പറയുകയാണ്, രവി ശങ്കർ കൗശിക് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫ്ലെയിംസ്.
തനിഷ്ഠ ചാറ്റർജി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ഫുൾ പ്ലേറ്റ്. ഭർത്താവിൻ്റെ അപകടത്തിനുശേഷം ഗൃഹസ്ഥയായ ഒരു സ്ത്രീ അവരുടെ പാചകത്തെ ഉപജീവനമാർഗമായി മാറ്റുന്ന കഥയാണിത്. തങ്ങളുടെ പുതിയ ഉദ്യമത്തിൽ അവർ നേരിടേണ്ടിവരുന്ന സംഘർഷത്തെക്കുറിച്ച് സിനിമ വിവരിക്കുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.
പ്രഭാഷ് ചന്ദ്രയുടെ ഹാർത്ത് ആൻഡ് ഹോം (Hearth and Home), വാർദ്ധക്യ ക്ലേശങ്ങൾ അനുഭവിക്കുന്ന  അമ്മയെ പരിപാലിക്കുന്ന മകന്റെ കഥ പറയുന്നു. മാനസിക സംഘർഷങ്ങളെയും അവസ്ഥകളെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രമാണിത്.
സ്വപ്നങ്ങളുമായി കൊൽക്കത്ത നഗരത്തിലെത്തുന്ന ഒരു യുവാവിന്റെയും  യുവതിയുടെയും  പരസ്പരബന്ധിതമായ യാത്രയാണ് ഇഷാൻ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ മിറാഷ്.
 തൂയ എന്ന പ്രവാസിയായ യുവതി, തൻ്റെ അഭിനയസാക്ഷാത്കാരത്തിനായി  മുംബൈയിൽ താമസിക്കുന്നതിന്റെ  കഥ പറയുകയാണ് അനുപർണ റോയ്  സംവിധാനം ചെയ്ത സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.
നിഷാന്ത് കാളിന്ദിയുടെ തിയറ്റർ എന്ന ചിത്രം, ഒരു  നാടകസംഘത്തിനുള്ളിലെ സൗഹൃദം, കലാവൈഭവങ്ങൾ, മത്സരങ്ങൾ എന്നിവ തമിഴ്‌നാട്ടിലെ ഒരു ഗ്രാമപശ്ചാത്തലത്തിൽ  അവതരിപ്പിക്കുന്നു. തികച്ചും യാഥാസ്ഥിതിക ജീവിതങ്ങളെ നാടകീയത കൂടാതെ അവതരിപ്പിക്കുകയാണ് ചിത്രം.
ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ
ഇന്ത്യയുടെ കുടുംബ, സാമൂഹിക, സാംസ്കാരിക യാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുന്നവയാണ്. വെള്ളിത്തിരയിലെ ഇന്ത്യൻ പരീക്ഷണങ്ങൾ ഐ എഫ് എഫ് കെ യിലെ  ചലച്ചിത്ര ആസ്വാദകർക്ക് പുതു  അനുഭവങ്ങൾ സമ്മാനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img