
സംഗീത ലോകത്തെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റാപ്പ് ആൽബത്തിനുള്ള പുരസ്കാരം ഡോച്ചിയും പോപ്പ് വോക്കൽ ആൽബത്തിനുള്ള അംഗീകാരം സബ്രീന കാർപെന്ററും കരസ്ഥമാക്കി. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം ബിയോൺസിയും സ്വന്തമാക്കി.
'അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ' എന്ന ആൽബമാണ് ഡോച്ചിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. റാപ്പ് ആൽബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോച്ചി. 'ഷോർട്ട് ആൻറ് സ്വീറ്റ്' എന്ന ആൽബത്തിലൂടെയാണ് സബ്രീന കാർപെൻറർ ഗ്രാമി അവാർഡിൽ മുത്തമിട്ടത്. 'കൗബോയ് കാർട്ടർ' എന്ന ആൽബത്തിലൂടെയാണ് ബിയോൺസിയും ഗ്രാമി നേടിയത്.
50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ബിയോൺസി. ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന ഖ്യാതിയും ബിയോൺസിക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസിയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസി ഇതുവരെ നേടിയിട്ടുള്ളത്.
ലോസ് ഏഞ്ചൽസിലെ Crypto.com അരീനയിൽ വെച്ചാണ് ഈ അവാർഡ് നിശ അരങ്ങേറുന്നത്. ട്രെവർ നോഹ തുടർച്ചയായി അഞ്ചാം വർഷവും ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി 12 ഫീൽഡുകളിലും 94 വിഭാഗങ്ങളിലുമായി സംഗീതത്തിലെ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്.











