11:20am 13 November 2026
NEWS
കൊല്ലത്ത് 66കാരി ഭക്ഷണം കിട്ടാതെ മരിച്ച നിലയിൽ; മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കം
10/11/2026  08:49 AM IST
nila
കൊല്ലത്ത് 66കാരി ഭക്ഷണം കിട്ടാതെ മരിച്ച നിലയിൽ; മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കം

കൊല്ലം: രോഗബാധിതയായി വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 66കാരിയെ ദിവസങ്ങളോളം ഭക്ഷണമോ ആവശ്യമായ സഹായമോ ലഭിക്കാതെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ മരുതിമൂട് ചതുപ്പിലെ വീട്ടിലാണ് ആർ. കനകത്തെ (66) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

അഞ്ചൽ റേഞ്ചിലെ കളങ്കുന്ന് വനമേഖലയോട് ചേർന്ന ഇഎസ്എം നഗറിലെ രജനി വിലാസത്തിലായിരുന്നു കനകത്തിന്റെ താമസം. ഇന്നലെ രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തെന്മല ഇടമൺ ശാന്തിതീരത്ത് സംസ്കരിച്ചു.

കഴിഞ്ഞ ഓണത്തിനു മുൻപ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് കനകത്തെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. പിന്നീട് മൈലമൂട്ടിലുള്ള കൊച്ചുമക്കളുടെ വീട്ടിലേക്ക് മാറ്റി. എന്നാൽ ഓണത്തിനു ശേഷം അവിടെനിന്ന് മരുതിമൂടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടര മാസത്തോളം ഇവർ ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിവരം സമീപവാസികൾ പോലും അറിഞ്ഞിരുന്നില്ല. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതും ആരും ശ്രദ്ധിക്കാതിരിക്കാൻ കാരണമായി.

തൊഴിലുറപ്പ് ജോലിക്കാരിയായിരുന്ന കനകം അസുഖത്തെത്തുടർന്ന് ജോലിക്ക് പോകാതായതോടെ വരുമാനമില്ലാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ പേരിലുള്ള റേഷൻ കാർഡ് റദ്ദായതായാണ് രേഖകളിലുള്ളത്. 2019ൽ കാർഡ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കിലെ റേഷൻ കടയിലേക്ക് മാറ്റിയിരുന്നുവെന്ന് റേഷനിങ് അധികൃതർ അറിയിച്ചു. മരുതിമൂട് പ്രദേശത്തെ റേഷൻ കടയിൽനിന്ന് വർഷങ്ങളായി കനകം ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നില്ല.

രോഗം മൂർച്ഛിച്ച് വീട്ടിൽ കിടപ്പിലായതോടെ മറ്റുള്ളവരോട് സഹായം ചോദിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഭക്ഷണം ലഭിക്കാതെ അവശനിലയിലായതാകാം മരണത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു. ഭർത്താവ് ജോൺ ജോസഫും ഏകമകൾ രജനിയും നേരത്തേ മരിച്ചിരുന്നു. രണ്ട് കൊച്ചുമക്കളാണ് കനകത്തിനുള്ളത്. ഇവർ പിതാവ് ജയനൊപ്പം മൈലമൂട്ടിലാണ് താമസം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img