09:37am 21 July 2024
NEWS
6 യുവാക്കൾ ത്രിശങ്കുവിൽ; ഐ.പി.എസ് ഓഫീസറുടെ ഭീകരമർദ്ദനമേറ്റ് 'മയക്കുമരുന്ന് മാഫിയ'ആയി
09/06/2024  10:19 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
6 യുവാക്കൾ ത്രിശങ്കുവിൽ; ഐ.പി.എസ് ഓഫീസറുടെ ഭീകരമർദ്ദനമേറ്റ് 'മയക്കുമരുന്ന് മാഫിയ'ആയി

മയക്കുമരുന്ന് മാഫിയകളെ വേട്ടയാടി പ്രശസ്തനാകാൻ കൊതിച്ച ഒരു ഐ.പി.എസ് ഓഫീസർ കസ്റ്റഡിയിലെടുത്ത് ഭീകരമായി മർദ്ദിച്ച ശേഷം കുറ്റം ചുമത്തി ജില്ലാ ജയിലിലാക്കിയത്  ആറ് യുവാക്കളെ. ആലുവയിലെ എടത്തല പോലീസ്‌സ്റ്റേഷൻ കേന്ദ്രീകരിച്ച് ഏഴു വർഷം മുമ്പ് അരങ്ങേറിയ അതിക്രൂര സംഭവങ്ങൾക്കു പിന്നിലെ പോലീസ് അതിക്രമങ്ങളുടെ തീവ്രത  ആലുവ റൂറലിലെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു കണ്ടെത്തി അക്കമിട്ടു നിരത്തി.   

മൂന്നേകാൽ കിലോ കഞ്ചാവ് കടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്ത് പ്രതികളാക്കിയെന്ന് ക്രൈം നമ്പർ 211/2018 എഫ്.ഐ.ആർ ഇട്ട് എടത്തല പോലീസ് 2018 ഫെബ്രുവരി 26 ന് രജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ആലുവ ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പ്രകാരം അന്ന് ആലുവയിലെ നാർകോട്ടിക് സെൽ എ.എസ്.പി ആയിരുന്ന എസ്. സുജിത്ദാസ് ഐ.പി.എസ്, ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന അരുൺ. ജി, എടത്തല  പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടറായിരുന്ന  സെപ്‌റ്റോ ജോൺ റ്റി.എൽ തുടങ്ങിയവർ ശിക്ഷാ നടപടികൾക്കു വിധേയരാകാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

സത്യസന്ധൻ എന്നു പേരുകേട്ട, പിന്നീട് പോലീസ് സൂപ്രണ്ടായി  വിരമിച്ച ഇപ്പോൾ ഹൈക്കോടതിയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്ന കെ.എം. ജിജിമോൻ സമർപ്പിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കഞ്ചാവ് കടത്ത് കേസിനു പിന്നിലെ നാടകവും ഭീകര മർദ്ദനത്തിന്റെ കാര്യവും വിശദമാക്കിയിട്ടുള്ളതായാണ് സൂചന. ഇതുമൂലം കേസിൽ കുറ്റപത്രം നൽകാനാകാതെ വന്നതോടെ പോലീസ് പ്രതിരോധത്തിലായി. കുറ്റപത്ര നടപടി അനിശ്ചിതമായി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ പ്രതികൾ. കോടതി ഇക്കാര്യത്തിൽ ഇടപെടുന്നതോടെ പോലീസിനു മേലുള്ള കുരുക്കു മുറുകുമെന്നതാണവസ്ഥ. 

എടത്തല ചൂണ്ടി എട്ടേക്കറിന് സമീപം കഞ്ചാവ് പിടിച്ചെടുത്തെന്ന അവകാശവാദവുമായി പോലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2018- ഫെബ്രുവരി 27 ന് മാധ്യമങ്ങളിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു:

'മൂന്നേകാൽ കിലോ കഞ്ചാവ് പിടിച്ചു. ആറുപേർ അറസ്റ്റിൽ. എസ്.പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് എടത്തല പൊലീസ്, എ.എസ്.പി നാർകോട്ടിക് സെൽ, ആലുവ ഡിവൈ.എസ്.പി, ആലുവ സി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.  എടത്തല ഓൾഡ് ജി.സി.ഡി.എ കോളനിയിൽ നെല്ലിക്കൽ വീട്ടിൽ രഞ്ജിത് (22), എടത്തല തൈക്കാവിന് സമീപം താമസിക്കുന്ന രഞ്ജിത് (26), പുക്കാട്ടുമുകൾ കോളനി അമ്പാട്ട് ഹൗസ് സ്വദേശി സുനിൽ കുമാർ(35), പുക്കാട്ടുമുകൾ കൈപ്പറമ്പിൽ വീട്ടിൽ ഷിഹാബ്(39), ചുണങ്ങംവേലി പുഷ്പ നഗർ കോളനി തച്ചവള്ളത്ത് വീട്ടിൽ ഉമറുൽ ഫാറൂഖ് (21), എടത്തല മൃഗാശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പിൽ സുരേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

സംഘാംഗങ്ങൾ സഞ്ചരിച്ചിരുന്ന ടാറ്റ ഇൻഡിക്ക കാറും രണ്ട് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടികൂടി. ദിവസങ്ങൾക്ക് മുമ്പ് രഹസ്യ വിവരത്തെ തുടർന്ന് ഈ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് കഴിഞ്ഞ 26ന് രാത്രി പിടിയിലായത്. 

പ്രതികളിൽ ഒരാളെ പിടികൂടിയശേഷം ഇയാളെ ഉപയോഗപ്പെടുത്തി പൊലീസ് കഞ്ചാവ് വാങ്ങാനെന്ന വ്യാജേന മുഖ്യ പ്രതികളെയും കഞ്ചാവ് ശേഖരവും പിടികൂടുകയായിരുന്നു. എടത്തല കുഞ്ചാട്ടുകര, ചൂണ്ടി പ്രദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം വ്യാപകമാണ്.

അതേസമയം, ആറു യുവാക്കളെയും അറസ്റ്റ് ചെയ്തുവെന്നതു ശരിയാണെങ്കിലും, വാർത്തയിൽ പറയുന്ന കാര്യങ്ങൾ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യക്തമായി. രണ്ടു മാസത്തോളം കാക്കനാട് ജില്ലാ ജയിലിൽ കിടന്ന ശേഷമാണ് പ്രതികൾക്കു ജാമ്യം ലഭിച്ചത്. 
ഉമറുൽ ഫാറൂഖിനെ എടത്തല പോലീസ് ഫെബ്രുവരി 24 ന്  കസ്റ്റഡിയിൽ എടുത്തെങ്കിലും ഭീകര മർദ്ദനത്തിനു വിധേയമാക്കിയ ശേഷം എഫ് ഐ ആർ ഇട്ടതും, മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയതും 26 ന് സന്ധ്യയോടെയായിരുന്നു. ഇതിനിടെ എ എസ് പി സുജിത്ദാസിന് കൈമാറിയിരുന്നതിന്റെ വിവരം ജിഡിയിലുള്ളതും ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എടത്തല പോലീസിന്റെയും എ എസ് പിയുടെയും ഭാഗത്തെ ഈ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതായാണ് സൂചന.

കുറ്റം കെട്ടിച്ചമച്ചതാണെന്നും, തങ്ങളെ ബലം പ്രയോഗിച്ച് അനധികൃത തടങ്കലിലേക്ക് വലിച്ചിഴച്ചതാണെന്നും എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികളായ രഞ്ജിത്ത് കെ. എസ്, രഞ്ജിത്ത് എൻ. ആർ, സുനിൽ കുമാർ എ. ജി, ഉമറുൽ ഫാറൂഖ് ടി.എ എന്നിവർ ആരോപിച്ചു. ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് തലവനായിരുന്ന സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള കേസിന്റെ അന്വേഷണത്തിൽ മൊത്തം ക്രമക്കേടുകളായിരുന്നു സംഭവിച്ചതെന്ന് പീഡനത്തിന്റെയും ഇതര നീക്കങ്ങളുടെയും കഥ വിവരിക്കവേ അവർ പറഞ്ഞു. മലപ്പുറം താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ ഇപ്പോൾ അന്വേഷണം നേരിടുന്ന ഓഫീസറാണ് സുജിത്ദാസ്.

ഷിഹാബ് ഒഴികെയുള്ള അഞ്ച് പ്രതികൾക്ക് വേണ്ടി വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്ന അഡ്വ. ജോർജ്ജ് ജേക്കബ് വേങ്ങൽ കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അഡ്വ. ജോർജ്ജ് ജേക്കബ് വേങ്ങൽ പറഞ്ഞു. വേനലവധി കഴിഞ്ഞാലുടനെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണിവർ. ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ:

എടത്തല സൊസൈറ്റി പടിയിൽ മദ്യപാനം കഴിഞ്ഞിറങ്ങി റോഡരികിലെ ബൈക്കിൽ ചാരി നിൽക്കുകയായിരുന്ന ഉമറുൽ ഫാറൂഖിനെ തൽസമയം ജീപ്പിൽ വന്ന പോലീസ് സംഘം കസ്റ്റഡിയിലെടുത്തതാണ് സംഭവപരമ്പരയുടെ തുടക്കം. അമിതമായി മദ്യപിച്ച നിലയിലായിരുന്ന അയാളെ പോലീസ് ജീപ്പിൽ കയറ്റി എടത്തല സ്റ്റേഷനിൽ എത്തിച്ചു. ബൈക്ക് ഒരു പോലീസുകാരൻ കൊണ്ടുവന്നു.

വണ്ടിയുടെ ബുക്കും പേപ്പറും പോലീസുകാർ ആവശ്യപ്പെട്ടതനുസരിച്ച് വണ്ടിയിൽനിന്ന് എടുത്തുകൊടുത്തു. മകനെ ജാമ്യത്തിൽ ഇറക്കാൻ വരണമെന്ന് മാതാപിതാക്കളെ വീട്ടിൽ വിളിച്ച് അറിയിക്കുകയും ചെയ്തു, പോലീസ്. പക്ഷേ ഇതിനിടെ ചില പോലീസുകാർ ടി.എ. ഉമറുൾ ഫാറൂഖ് കഞ്ചാവ് വലിച്ചിട്ടുള്ളതായി സംശയിച്ചു. സ്റ്റേഷനിൽ ഇല്ലായിരുന്ന എസ്‌ഐ സെപ്‌റ്റോ ജോണിനെ അവർ വിവരം അറിയിക്കുകയും ചെയ്തു. എസ് ഐ പാഞ്ഞെത്തി. സിഗരറ്റ് വലിക്കുമെങ്കിലും താൻ കഞ്ചാവ് ഉപയോഗിച്ചിട്ടേയില്ലെന്ന് ടി.എ. ഉമറുൾ ഫാറൂഖ് പറഞ്ഞത് എസ്‌ഐക്ക് വിശ്വാസമായില്ല. അദ്ദേഹം എ.എസ്.പി സുജിത്ദാസിനെ വിളിച്ച് വിവരമറിയിച്ചു. അദ്ദേഹമാകട്ടെ ഉടൻ എത്തി. വന്നയുടനെ ടി.എ. ഉമറുൾ ഫാറൂഖിയെ വിലങ്ങണിയിച്ച് ഭിത്തിയോടു ചേർത്തിരുത്തി എ.എസ്.പി മർദ്ദനമാരംഭിച്ചു. നിലത്തു കിടന്ന ടി.എ. ഉമറുൾ ഫാറൂഖിയുടെ കാലുകളിൽ പോലീസുകാർ ബലമായി പിടിച്ചു. ഉളളംകാലിൽ തുടർച്ചയായി അടിച്ചു കൊണ്ടിരുന്നു എ.എസ്.പിയുടെ ചോദ്യം കഞ്ചാവ് എവിടെ എന്നായിരുന്നു. എസ് ഐയെക്കൊണ്ടും മറ്റ് പോലീസുകാരെക്കൊണ്ടും തുടർന്ന് അടിപ്പിച്ചു. ഇതിനിടെ ഈ രംഗം കണ്ടു വന്ന മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു. മകനെ വിടില്ലെന്ന് അവരോട് ഓഫീസർ തീർത്തു പറഞ്ഞു.

സ്വകാര്യ കാറിൽ എത്തിയ സ്‌ക്വാഡ് അംഗങ്ങളാണ് തുടർന്ന് മർദ്ദനം അഴിച്ചുവിട്ടത്. ഇതിനിടെയാണ് ബൈക്കിന്റെ ഉടമ സുരേഷ് എം.ആർ ആണെന്ന് പോലീസ് അറിഞ്ഞത്. വീട്ടിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്നു സുരേഷ്. എ.എസ്. പിയുടെ ഉത്തരവ് പ്രകാരം വാതിൽ ചവിട്ടിപ്പൊളിച്ച് അയാളെ പിടികൂടി. വീട്ടുകാരുടെ മുന്നിൽ വച്ചു തന്നെ മർദ്ദനമാരംഭിച്ചു. സ്റ്റേഷനിൽ എത്തിയ ഉടൻ അയാൾ ബോധരഹിതനായി. പിന്നീട് ഇരുവരെയും കുഞ്ചാട്ടുകരയിലെ ഷിഹാബിന്റെ വീട്ടിൽ കൊണ്ടുപോയി. 
കാഴ്ചയ്ക്കു വൈകല്യമുള്ള ഷിഹാബിന്റെ വീട്ടിൽ നിന്നു കിട്ടിയതെന്ന് പറഞ്ഞ് 'കഞ്ചാവ് അടങ്ങിയ ബാഗ്' പോലീസ് അവരെ കാണിച്ചു. ഇതിനിടെ ഷിഹാബിന്റെ കാർ എൻ.ആർ രഞ്ജിത്തിന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിട്ടു കൊടുത്തിരിക്കുന്ന വിവരം പോലീസ് മനസിലാക്കി. രഞ്ജിത് മടങ്ങി വന്ന ശേഷം മറ്റ് രണ്ടു പേരോടൊപ്പം ആലുവാ ശിവരാത്രി മണൽപ്പുറത്തു പോയിരുന്നു. തിരികെ വരുമ്പോൾ മൂന്നു പേരെയും കാർ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മൂന്നു പേരെയും ക്രൂരമായി മർദ്ദിച്ചു. എല്ലാവരും കഞ്ചാവ് കടത്തുകാരാണെന്നായിരുന്നു പോലീസ് പറഞ്ഞത്. അന്ന് രാത്രിയും പിറ്റേന്ന് പകലും രാത്രിയും സ്റ്റേഷനിൽ നിന്ന് ഇവരെ പുറത്തു വിട്ടില്ല. 

അടുത്ത ദിവസം നാലു മണിയോടെ ഇവരെക്കൊണ്ട് കാറും പിന്നാലെ ബൈക്കും ഓടിപ്പിച്ച് രണ്ടേക്കർ പള്ളിക്കു സമീപമുള്ള വെളിമ്പ്രദേശത്തെത്തിയപ്പോൾ പോലീസ് നാടകീയമായി തടഞ്ഞു. തഹസീൽദാർ, മാധ്യമപ്രവർത്തകർ എന്നിവരും ഉടനെത്തി. വണ്ടിയിൽ നിന്ന്  കഞ്ചാവ് കണ്ടെത്തി തുടർ നടപടികൾ ആരംഭിച്ചു. മാധ്യമങ്ങൾക്ക് വാർത്തയും ഫോട്ടോയും നൽകി.

'മർദ്ദന വിവരം പറഞ്ഞാൽ തകർത്തു കളയും' എന്ന ഭീഷണിയോടെ സന്ധ്യക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറിൽ കൊണ്ടുപോയി. മർദ്ദനമേറ്റകാര്യം അവിടെ പറഞ്ഞില്ല. തുടർന്ന് റിമാൻഡിലായി കാക്കനാട്ട് ജില്ലാ ജയിലിലെത്തി. ജയിലർമാരാണ് ആറു പേരുടെയും ദേഹത്തെ പരിക്കുകൾ രേഖപ്പെടുത്തിയതും, അത്യാവശ്യം വേണ്ട പ്രാഥമിക ചികിൽസകൾ നൽകിയതും. മുലക്കണ്ണിൽ പ്ലെയർ ഇട്ടു പിടിച്ചതിന്റെ മുറിവുകൾ കണ്ട്  ജയിൽ ഉദ്യോഗസ്ഥർ വരെ കണ്ണ് മിഴിച്ചു. 

ജയിലിൽ നിന്നിറങ്ങിയ പ്രതികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതികൾ വെറുതെയായില്ല. തുടർന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ എസ്‌ഐയും റിമാൻഡ് റിപ്പോർട്ട് നൽകിയ സിഐയും കുരുങ്ങിയ ശേഷം എ.എസ്.പി ഊരിപ്പോകാനിടയുണ്ടെന്നാണ് അഭിഭാഷകർ ആദ്യം സംശയിച്ചതെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ മുഖ്യ അന്വേഷണോദ്യോഗസ്ഥനായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് അഡീഷണൽ എസ്.പി. കെ.എം. ജിജിമോൻ എടത്തല സ്റ്റേഷനിലെ ജി ഡി എൻട്രി വിശദമായി പരിശോധിച്ചതിലൂടെ എ.എസ്.പിയുടെ പങ്കാളിത്തം ഉറപ്പിച്ചു. പ്രതികളെ എ.എസ്. പി കസ്റ്റഡിയിൽ വാങ്ങിയതിന്റെ വിവരം ജിഡിയിലുണ്ട്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE