
പതിനേഴുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ട ആറുവയസുകാരിയെ യുവതി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം. വീട്ടമ്മയായ മുപ്പതുകാരിയാണ് ഉർവി എന്ന ആറുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സഞ്ചിയിലാക്കി കിണറ്റിൽ തള്ളിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതയായ യുവതിയും അവരുടെ കൗമാരക്കാരനായ കാമുകനും കുടുങ്ങിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽനിന്നും ചണസഞ്ചിയിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നൽകി.











